kozhikode local

അടച്ച നികുതി വീണ്ടും അടപ്പിച്ചു; പരാതിയുമായി കെട്ടിട ഉടമ

വാണിമേല്‍: മുന്‍വര്‍ഷം അടച്ച നികുതി വീണ്ടും അടപ്പിച്ചതിനെതിരെ കെട്ടിട ഉടമ. വാണിമേല്‍ പഞ്ചായത്തിനെതിരെയാണ് പരാതി. വാണിമേല്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ താമസക്കാരനായ പീറ്റയുള്ള പറമ്പത്ത് കാസിമാണ് പഞ്ചായത്തിനെതിരെ മേലുദ്യോഗസ്ഥന്മാര്‍ക്കു പരാതി നല്‍കാനൊരുങ്ങുന്നത്.
പതിമൂന്നാം വാര്‍ഡിലെ മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പതാം നമ്പര്‍ കെട്ടിടത്തിനാണ് കാസിം 2017 ജൂലൈ മാസം 3589 രൂപ നികുതിയായി നല്‍കിയത്. 2017- 18 വര്‍ഷത്തെ നികുതിയായി 1082 രൂപയും  2013-14 മുതലുള്ള കുടിശ്ശികയായി 1986 രൂപയും അതിനുള്ള സെസും പിഴ പലിശയിനത്തില്‍ 366 രൂപയുമാണ് കാസിമില്‍ നിന്നും പഞ്ചായത്ത് ഈടാക്കിയത്. എല്ലാവര്‍ഷവും കൃത്യ സമയത് നികുതി അടച്ചതാണെന്നു പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നു കാസിം പറഞ്ഞു. നികുതി അടച്ചതാണെങ്കില്‍ അതിനുള്ള രേഖ കെട്ടിട ഉടമ കൊണ്ടുവരണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം മുന്‍വര്‍ഷത്തെ രേഖകളുമായി പഞ്ചായത്തിലെത്തിയ കാസിമിനോട് അടുത്ത വര്‍ഷത്തെ നികുതിയില്‍ വരവുവെക്കാമെന്ന രീതിയിലാണത്രെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 2016  മാര്‍ച്ച് മാസത്തില്‍ ഇതേ കെട്ടിടത്തിനു രണ്ടു വര്‍ഷത്തെ നികുതി അടച്ചതിന്റെ രേഖകളാണ് കാസിം കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ ഹാജരാക്കിയത്. 2016 മാര്‍ച്ചില്‍ മുന്‍ വര്‍ഷത്തെ കുടിശ്ശിക ഉള്‍പ്പെടെ അടച്ച തനിക്കു 2013-14 വര്‍ഷത്തെ നികുതിയുടെ പിഴ പലിശ അടക്കം അടക്കേണ്ടി വന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നും തന്റെ പണം അന്യായമായി വാങ്ങിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കാസിം മേലധികാരികളെ സമീപിക്കാനൊരുങ്ങുന്നത്.
പഞ്ചായത്തില്‍ ഇതേ പോലെ നിരവധി പേര്‍ അധികം തുക അടക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.നികുതി ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും വാണിമേല്‍ പഞ്ചായത്തില്‍ ഓണ്‍ലൈനാക്കിയിട്ടു രണ്ടു വര്‍ഷമായെങ്കിലും നികുതി പിരിവിന്റെ രേഖകളൊന്നും പഞ്ചായത്തില്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്.
Next Story

RELATED STORIES

Share it