thrissur local

അടച്ചുപൂട്ടല്‍ ഭീഷണിയുള്ള വിദ്യാലയങ്ങള്‍ ജനകീയ വിദ്യാലയങ്ങളാക്കും : മന്ത്രി



ചാവക്കാട്: കേരളത്തിലെ മതേതര ജനാധിപത്യ സംസ്‌കാരം നിലനിര്‍ത്താന്‍ പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കണമെന്നു സര്‍ക്കാര്‍ പറഞ്ഞതു ജനങ്ങള്‍ ഏറ്റെടുത്തുവെന്നു മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടവും നവതി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന വിശുദ്ധ പ്രവര്‍ത്തനം ജനങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണു പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ തള്ളിക്കയറ്റം ഈ വര്‍ഷം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് വിദ്യാഭ്യാസരംഗത്ത് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുമെന്നും ഈ വര്‍ഷം തന്നെ ഹൈസ്‌കൂള്‍, പ്ലസ്ടു തലത്തില്‍ പൊതുവിദ്യാഭ്യാസംരംഗം ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലവത്തായി എന്നതിന്റെ തെളിവാണ് ഈ വര്‍ഷം 1,45,208 വിദ്യാര്‍ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തിയത്. വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസം നല്‍കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിനായി ഈ വര്‍ഷം മുതല്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ തുടങ്ങും മന്ത്രി പറഞ്ഞു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, നഗരസഭ മുന്‍ ചെയര്‍മാന്‍ കെ പി വല്‍സലന്റെ പേരിലുള്ള എന്‍ഡോവ്‌മെന്റ് വിതരണം, മണത്തല ഗവ.സ്‌കൂളില്‍ നിന്നു വിരമിക്കുന്ന പ്രധാന അധ്യാപിക ഒ കെ സതി, പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ വിനോദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും പരിപാടിയില്‍ നടന്നു. നൂറു ശതമാനം വിജയം നേടിയ മമ്മിയൂര്‍ ലിറ്റില്‍ ഫഌവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പോണ്‍സി മരിയ, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആദരവും നടന്നു.
Next Story

RELATED STORIES

Share it