അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്

തിരുവനന്തപുരം: ഐടി, ടൂറിസം മേഖലകളിലും ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ആധുനിക മേഖലകളിലും അഞ്ചു വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ലോക കേരള സഭയുടെ കരട് രേഖ. കെട്ടിടനിര്‍മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ സ്റ്റാര്‍ട്ട് അപ്പ്, ഐടി പാര്‍ക്കുകളെ പ്രോല്‍സാഹിപ്പിക്കും. വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിയാക്കി നാലുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഇത്തരം പദ്ധതികളെ സഹായിക്കുന്നതിന് പ്രവാസികളെ ഉള്‍പ്പെടുത്തും. റോഡുകള്‍, വിമാനത്താവളങ്ങള്‍, ദേശീയ ജലപാത, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ആലോചന. പ്രവാസികളുടെ കൃത്യമായ കണക്കെടുപ്പ് പ്രധാന ദൗത്യമായി കാണും. സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.
റിക്രൂട്ടിങ് രംഗത്ത് തികഞ്ഞ അരാജകത്വമാണ്. ഉയര്‍ന്ന കാര്യക്ഷമതയുള്ള റിക്രൂട്ടിങ് എജന്‍സികളെ വളര്‍ത്തിയെടുക്കണമെന്നും കരട് രേഖയില്‍ വ്യക്തമാക്കുന്നു. പ്രവാസികളായ ഗാര്‍ഹിക തൊഴിലാളികള്‍ ശാരീരികമായ പീഡനത്തിന് ഇരയാവുന്ന സാഹചര്യമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുകളുണ്ടാവും. അതേസമയം തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി കരട് രേഖയില്‍ പറയുന്നു. 1998ല്‍ 13.62 പ്രവാസികളാണ് ഉണ്ടായിരുന്നത്. 7.39 ലക്ഷം പേര്‍ മടങ്ങിയെത്തി. 2003 ആയപ്പോള്‍ പ്രവാസികളുടെ എണ്ണം 18.38 ലക്ഷമായി. അപ്പോഴേക്കും മടങ്ങിയെത്തിയവരുടെ എണ്ണം 8.94 ലക്ഷമായി. 2008ല്‍ പ്രവാസികളുടെ എണ്ണം 21.93 ലക്ഷമായി ഉയര്‍ന്നു. മടങ്ങിയെത്തിയവര്‍ 11.57 ലക്ഷം. 2014ല്‍ പ്രവാസികളുടെ എണ്ണം 24 ലക്ഷമായി. മടങ്ങിയെത്തിയവര് 12.52 ലക്ഷം. കേരള മൈഗ്രേഷന്‍ സര്‍വേ അനുസരിച്ച് 1998ല്‍ പ്രവാസികളില്‍നിന്നുള്ള വരുമാനം 13,652 കോടിയായിരുന്നു.
Next Story

RELATED STORIES

Share it