അഞ്ചുനാളത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ ഇന്ന് തുടക്കം

കെ  സനൂപ്

തൃശൂര്‍: സിപിഎം 22ാം സംസ്ഥാന സമ്മേളനത്തിന് ഇന്നുമുതല്‍ തൃശൂരില്‍ തുടക്കമാവും. ഇന്നു രാവിലെ 10ന് കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ തൃശൂര്‍ കേരള സംഗീത നാടക അക്കാദമി റീജ്യനല്‍ തിയേറ്ററില്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമാവുക.
സംസ്ഥാന സമ്മേളനത്തിന്റെ പതാക, കൊടിമര ദീപശിഖാ സംഗമം ഇന്നലെ വൈകീട്ട് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളന നഗറായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ദീപശിഖ തെളിയിച്ചു.പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സമ്മേളനമെന്നു പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടി ഏതെങ്കിലും വ്യക്തിയെ ശക്തിപ്പെടുത്താനുള്ളതല്ല. എല്ലാ വ്യക്തികളും പാര്‍ട്ടിക്ക് താഴെയാണെന്നും പിണറായി പറഞ്ഞു.ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്കൊപ്പം നേതാക്കളുടെ ആഡംബര ജീവിതവും വ്യക്തിജീവിതത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ പുലര്‍ത്തേണ്ട മിതത്വവും സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാവാനാണ് സാധ്യത.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ശക്തമായ വിമര്‍ശനവും ഇത്തവണ ഉണ്ടാവാനാണ് സാധ്യത. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടതില്ലെന്നു കേന്ദ്ര കമ്മിറ്റി തീരുമാനമുള്ളതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ രീതിയില്‍ ചര്‍ച്ചകളുണ്ടാവില്ല. 2009 ഒക്ടോബറില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ സംസ്ഥാന കമ്മിറ്റികളെല്ലാം നടപ്പാക്കാന്‍ കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.
മുകള്‍തട്ട് മുതല്‍ രേഖ നടപ്പാക്കാനും നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര കമ്മീഷനെ നിയോഗിക്കാനും നിഷ്‌കര്‍ഷിച്ച രേഖ സംസ്ഥാന കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുകയും എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യുകയും ചെയ്തിരുന്നതാണ്. തെറ്റുതിരുത്തല്‍ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരേ താക്കീതോ അച്ചടക്കനടപടികളോ വേണമെന്നു കേന്ദ്ര നേതൃത്വം നിര്‍ദേശിക്കാനാണ് സാധ്യത. പതിവില്‍ നിന്നു വിപരീതമായി ഇത്തവണ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ സമ്മേളനത്തില്‍ വിമര്‍ശനമുണ്ടാവാനാണ് സാധ്യത. കണ്ണൂര്‍ ലോബിയിലുണ്ടായ തമ്മിലടി ഔദ്യോഗികപക്ഷത്ത് ചേരി തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
ഇ പി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, പി ജയരാജന്‍ എന്നിവരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ തന്നെ ഈ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുമെന്നാണ് അറിയുന്നത്. ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തിപൂജ നടത്തുന്നെന്നാരോപിക്കുന്ന കണ്ണൂരിലെ ഔദ്യോഗിക വിഭാഗം തന്നെ അക്രമരാഷ്ട്രീയത്തിനെതിരേ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത.
Next Story

RELATED STORIES

Share it