അഞ്ചാം ദിവസവും രാജ്യസഭ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കുമെതിരേ നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യസഭ തടസ്സപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കുകയോ, മാപ്പു പറയുകയോ ചെയ്യില്ലെന്നു സഭാധ്യക്ഷന്‍ എം വെങ്കയ്യ നായ്ഡു കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്സും നിലപാടു കടുപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാജ്യസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നു സഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും വെങ്കയ്യ നായിഡു അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിച്ചു. താങ്കളുടെ അംഗങ്ങളെ സീറ്റിലേക്ക് തിരികെ വിളിക്കൂ എന്ന് നായിഡു ആസാദിനോട് അഭ്യര്‍ഥിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. അംഗങ്ങള്‍ അവസാനം അവരുടെ സീറ്റുകളിലേക്ക് തിരികെപോയെങ്കിലും മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സഭ രണ്ടു വരെ പിരിഞ്ഞു. ഹൈക്കോടതികളിലെയും സുപ്രിംകോടതികളിലെയും ജഡ്ജിമാരുടെ ശമ്പളവും സേവന വ്യവസ്ഥയും (ഭേദഗതി ബില്ല്) കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആധാര്‍ ഡാറ്റാബേസിന്റെ സുരക്ഷ മുതല്‍ ഭീകരവിരുദ്ധ വിഷയങ്ങളില്‍ വരെ ലോക്‌സഭയുടെ ചോദ്യോത്തര വേളയില്‍ ചോദ്യങ്ങളുയര്‍ന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനെതിരേ തൃണമൂല്‍ അംഗങ്ങള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. ജനങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണു സര്‍ക്കാര്‍ നടത്തുന്നതെന്നു ലോക്‌സഭയുടെ ശൂന്യവേളയില്‍ ടിഎംസി അംഗങ്ങള്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലും തൃണമൂല്‍ അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധ ധര്‍ണ നടത്തി. പാര്‍ട്ടിയുടെ 34 പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തുള്ള ധര്‍ണയില്‍ പങ്കെടുത്തുവെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രേന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it