അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ബെഞ്ചുകള്‍ തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. സുപ്രിംകോടതിയിലെ രണ്ടു മൂന്നംഗ ബെഞ്ചുകള്‍ വിധി പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചത്.
സുപ്രിംകോടതി കീഴ്‌വഴക്കമനുസരിച്ച് മൂന്നംഗ ബെഞ്ച് പുറത്തിറക്കിയ ഉത്തരവ് മറ്റൊരു മൂന്നംഗ ബെഞ്ചിനു റദ്ദാക്കാന്‍ അധികാരമില്ലെന്നിരിക്കെ മദന്‍ ബി ലോകൂറിന്റെ ബെഞ്ച് റദ്ദാക്കിയ നടപടി ശരിയല്ലെന്നും വിഷയത്തില്‍ തീരുമാനമെടുക്കണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്ര ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കല്‍ കേസിലെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ ഉത്തരവാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ മുതിര്‍ന്ന ജഡ്ജിമാരുടെ ബെഞ്ച് മരവിപ്പിച്ചത്. ഹരിയാന സര്‍ക്കാരും ഗോയങ്കെ ടൂറിസം കോര്‍പറേഷനും കക്ഷികളായ ഭൂമി ഏറ്റെടുക്കല്‍ കേസില്‍ ഈ മാസം 8ന് ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച വിധി ബുധനാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് മരവിപ്പിച്ചത്.
ഈ കേസില്‍ ഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ ഉള്‍പ്പെട്ട ബെഞ്ച് 2014ല്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍, ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ളതായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ മാസം 8ാം തിയ്യതിയിലെ വിധി.
നിലവിലെ വ്യവസ്ഥകള്‍ അനുസരിച്ച് മൂന്നംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ അഞ്ചംഗ ബെഞ്ചിനാണ് അധികാരം. എന്നാല്‍, മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടിക്കെതിരേ ജസ്റ്റിസ് അരുണ്‍ മിശ്ര രംഗത്തെത്തുകയായിരുന്നു. വിഷയം ചീഫ്ജസ്റ്റിസ് പരിശോധിക്കണമെന്നും ഇതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
Next Story

RELATED STORIES

Share it