Idukki local

അച്ചാര്‍ വിറ്റ് പുനര്‍നിര്‍മാണം നടത്തിയ സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശ ഇന്ന്

പീരുമേട്: ഇടവകക്കാര്‍ അച്ചാര്‍ കച്ചവടം നടത്തി പുനര്‍നിര്‍മാണം നടത്തിയ അമലഗിരി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശ ഇന്ന്. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൂദാശ കര്‍മ്മം നിര്‍വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള പെരുവന്താനത്തിനു സമീപത്തെ അമലഗിരി സെന്റ് തോമസ് ദേവാലയമാണ് പുനര്‍ നിര്‍മിക്കാനുള്ള പണം കണ്ടെത്തുവാന്‍ അച്ചാര്‍ നിര്‍മാണ രംഗത്തെത്തിയത്. 26 ലക്ഷത്തില്‍പ്പരം രൂപയാണ് അച്ചാര്‍ കച്ചവടം വഴി പള്ളി നിര്‍മാണത്തിനായി സ്വരൂപിച്ചത്.
ഒരു കോടിയില്‍ താഴെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്ന പള്ളി ഏറെക്കുറെ പൂര്‍ത്തീകരിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് കൊച്ചുപുരയും ഇടവകാംഗങ്ങളുമാണ് ഇത്തരമൊരാശയത്തിനു പിന്നിലുള്ളത്. ഇറച്ചി, മീന്‍, നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാമ്പങ്ങ, വെളുത്തുള്ളി, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുമ്പളങ്ങ, ചേന എന്നിങ്ങനെ പന്ത്രണ്ടിലധികം ഇനങ്ങളാണ് ഇടവകാംഗങ്ങളുടെ ഒത്തൊരുമയില്‍ അച്ചാര്‍ കുപ്പിയിലാക്കി വില്‍പ്പന നടത്തിയത്.
വിവിധ സ്വാശ്രയ സംഘങ്ങളിലുള്ള ഇടവകയിലെ 120 വീടുകളില്‍ നിന്നുള്ള സ്ത്രീകളാണ് അച്ചാര്‍ നിര്‍മാണത്തില്‍ പങ്കാളികളായത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, അരുവിത്തുറ, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ പള്ളികളില്‍ ഇടവകയിലെ യുവാക്കളും കുട്ടികളും സ്ത്രീകളും പ്രായമായവരും  വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഞായറാഴ്ചകളിലാണ് അച്ചാറുകള്‍ വില്‍പ്പന നടത്തി പണം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it