Kollam Local

അങ്കണവാടി ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ; 25ഓളം പേര്‍ ആശുപത്രിയില്‍

പത്തനാപുരം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇരുപത്തിയഞ്ചോളം അങ്കണവാടി ജീവനക്കാര്‍ ആശുപത്രിയില്‍. ഐസിഡിഎസ് പരിശീലനപരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ആഹാരത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായത്.
അങ്കണവാടി അധ്യാപകരായ പട്ടാഴി വടക്കേക്കര ശ്രീഭവനില്‍ ശ്രീകുമാരി (45),ചെളിക്കുഴി മധുഭവനില്‍ സരസകുമാരിയമ്മ (54), ചെറുകര അമൃതവിലാസത്തില്‍ സുശീലഭായി (55),കടയ്ക്കാമണ്‍ അഷ്‌റഫ് മന്‍സിലില്‍ അനീഷാബീവി (43),വിളക്കുടി കാഞ്ഞിരംവിളയില്‍ മുതാംസ്ബീഗം (51),പട്ടാഴി നടുത്തേരി ബിന്ദുഭവനില്‍ ആതിര (25),പട്ടാഴി അമീന്‍ഷാ മന്‍സിലില്‍ ഷാജില (39),വെട്ടിത്തിട്ട റീജാഭവനില്‍ ലിസി (52),പൂങ്കുളഞ്ഞി കാലായില്‍ റഹിയാനത്ത് (42),തച്ചക്കുളം പുത്തന്‍വിള വീട്ടില്‍ സിന്ധു (44),നടുമുരുപ്പ് വേങ്ങവിള പടിഞ്ഞാറ്റേതില്‍ ഖദീജ (48),പള്ളിമുക്ക് മുഹ്‌സീന മന്‍സിലില്‍ ഷീജ (44) പട്ടാഴി വടക്കേക്കര നന്ദവിലാസത്തില്‍ ശശികല (43),പാതിരിക്കല്‍ പള്ളികിഴക്കേതില്‍ ശാന്ത (58)തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേഖലയിലെ അങ്കണവാടി അധ്യാപകര്‍ക്കായി പത്തനാപുരം ഐ സി ഡി എസ് ഓഫിസില്‍ ശൈശവ പൂര്‍വകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തിയിരുന്നു.ഇതിന്റെ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അവശത ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഛര്‍ദ്ദി, വയറിളക്കം, തളര്‍ച്ച എന്നിവ  അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പിറവന്തൂര്‍ കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ഭക്ഷണശാലയില്‍ നിന്നാണ് ആഹാരം എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പത്തനാപുരം,പിറവന്തൂര്‍,പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കി വന്നത്. 92 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ ഇരുപത്തഞ്ചോളം ജീവനക്കാര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാചകത്തിനായി ഉപയോഗിച്ച ജലത്തില്‍ ക്ലോറിന്റെ അംശം കൂടുതലായതിനാലാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it