thiruvananthapuram local

അങ്കണവാടി അടച്ചുപൂട്ടിയിട്ട് രണ്ടു വര്‍ഷം; പഞ്ചായത്ത് ഫണ്ടിനെക്കുറിച്ച് വ്യക്തതയില്ല

പാലോട്: ഇലവുപാലം അങ്കണവാടി അടച്ചുപൂട്ടിയിട്ട് രണ്ടുവര്‍ഷമായി. പുതിയ കെട്ടിടനിര്‍മാണത്തിന്റെ പേരുപറഞ്ഞാണ് നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അങ്കണവാടി അടച്ചുപൂട്ടിയത്. അടച്ചുപൂട്ടുന്ന സമയത്ത് നാല്‍പതോളം കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. മാസങ്ങള്‍ക്കകം കെട്ടിടം പണിത് അങ്കണവാടി തുറക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ഇലവുപാലം എസ്എന്‍യുപിഎ ജങ്ഷനില്‍ ഓടിട്ടകെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം നിര്‍മിക്കുന്നതിന് പഞ്ചായത്ത് 13 ലക്ഷം രൂപ ഫണ്ടനുവദിച്ചിരുന്നു. എന്നാല്‍ എന്തു ചെയ്തുവെന്നതിന് വ്യക്തതയില്ല.
പഞ്ചായത്ത് അനുവദിച്ച തുക എന്ത് ചെയ്‌തെന്ന് അറിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്ന വാര്‍ഡും എല്ലാ ഡിവിഷനും സിപിഎം അംഗങ്ങളാണ് പ്രതിനിധീകരിക്കുന്നത്. നിലവില്‍ അങ്കണവാടി ചല്ലിമുക്ക് പാമ്പ്ചത്തമണ്ണിലെ കമ്മ്യൂണിറ്റി ഹാളിലാണ് പ്രവര്‍ത്തിക്കുന്നത്.
40 കുട്ടികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെയാണ് കുട്ടികളുള്ളത്. പലരും ഇവിടെ കുട്ടികളെ അയക്കാന്‍ മടിക്കുന്ന അവസ്ഥയാണ്. അടിയന്തരമായി അങ്കണവാടി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്നും ഇല്ലാത്തപക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും എസ്ഡിപിഐ പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it