Football

അഗ്വേറോ @ 5; സിറ്റി വീണ്ടും തലപ്പത്ത്

ലണ്ടന്‍: അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ തകര്‍ത്താടിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഉജ്ജ്വല വിജയം. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ എട്ടാം റൗണ്ട് മല്‍സരത്തില്‍ ന്യൂകാസിലിനെയാണ് സിറ്റി തരിപ്പണമാക്കിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷം ആറു ഗോളുകള്‍ തിരിച്ചടിച്ച് സിറ്റി ഗംഭീര ജയം സ്വന്തമാക്കുകയായിരുന്നു. 20 മിനിറ്റിനിടെ അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയ അഗ്വേറോയാണ് സിറ്റിയുടെ ഹീറോയായത്.

എന്നാല്‍, നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ പുതിയ സീസണിലെ കഷ്ടക്കാലം തുടരുകയാണ്. എട്ടാം റൗണ്ട് മല്‍സരത്തില്‍ സതാംപ്റ്റന്‍ 3-1ന് ചെല്‍സിയെ അട്ടിമറിക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ബ്ലൂസ് തകര്‍ന്നടിഞ്ഞത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-0ന് വെസ്റ്റ് ബ്രോമിനെയും സ്‌റ്റോക്ക് സിറ്റി 1-0ന് ആസ്റ്റന്‍ വില്ലയെയും ലെയ്‌സസ്റ്റര്‍ സിറ്റി 2-1ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തിയപ്പോള്‍ ബേണ്‍മൗത്ത്-വാട്‌ഫോര്‍ഡ് (1-1), സണ്ടര്‍ലാന്റ്-വെസ്റ്റ്ഹാം (2-2) പോരാട്ടങ്ങള്‍ അവസാനിച്ചു. ഹോംഗ്രൗണ്ടില്‍ മികച്ചുനിന്ന സിറ്റി കളിയുടെ 41ാം മിനിറ്റ് വരെ ന്യൂകാസിലിനെതിരേ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. 18ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ മിട്രോവിച്ചാണ് ന്യൂകാസിലിനു വേണ്ടി വലകുലുക്കിയത്.

പക്ഷേ, അഗ്വേറോ ഒന്നിന് പിറകെയായി ഗോളുകളുമായി മിന്നിയപ്പോള്‍ ന്യൂകാസില്‍ തകരുകയായിരുന്നു. 42, 49, 50, 60, 62 മിനിറ്റുകളിലാണ് അഗ്വേറോ സിറ്റിക്കു വേണ്ടി നിറയൊഴിച്ചത്. അപാര ഫോമില്‍ കളിച്ചിരുന്ന അഗ്വേറോയെ 66ാം മിനിറ്റില്‍ കളത്തില്‍ നിന്ന് സിറ്റി കോച്ച് പിന്‍വലിച്ചിരുന്നില്ലായിരുന്നെങ്കില്‍ ന്യൂകാസിലിന്റെ തകര്‍ച്ച ഒരു പക്ഷേ ഇതിലും ദയനീയമാവുമായിരുന്നു. 53ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയനും സിറ്റിക്കു വേണ്ടി വലകുലുക്കി. ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മറികടന്ന് സിറ്റി ലീഗിലെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്തി. എട്ടു മല്‍സരങ്ങളില്‍ ആറ് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റാണ് ഒന്നാമതുള്ള സിറ്റിയുടെ സമ്പാദ്യം. സിറ്റിയേക്കാള്‍ ഒരു മല്‍സരം കുറച്ചു കളിച്ച മാഞ്ചസ്റ്റര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തുണ്ട്. അതേസമയം, സീസണില്‍ നിരാശപ്പെടുത്തി കൊണ്ടിരിക്കുന്ന ചെല്‍സി സതാംപ്റ്റനോടും തോല്‍വി വഴങ്ങിയതോടെ ഇത്തവണ ലീഗ് കിരീടം നിലനിര്‍ത്താമെന്നുള്ള അവരുടെ മോഹവും ഏതാണ്ട് അവസാനിച്ചു. നിലവില്‍ ലീഗില്‍ 16ാം സ്ഥാനത്താണ് ചെല്‍സി.

എട്ടു മല്‍സരങ്ങളില്‍ നാലു തോല്‍വി വഴങ്ങിയ ചെല്‍സി രണ്ട് വീതം ജയങ്ങളും സമനിലയുമാണ് നേടിയത്. ഹോംഗ്രൗണ്ടില്‍ പന്തടക്കത്തില്‍ ചെല്‍സിക്കായിരുന്നു ആധിപത്യമെങ്കിലും ആക്രമണാത്മക ഫുട്‌ബോളിലൂടെ സതാംപ്റ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 10ാം മിനിറ്റില്‍ ചെല്‍സിയ്ക്കു വേണ്ടി വില്ല്യന്‍ നേടിയ ഗോളിന് സ്റ്റീവന്‍ ഡേവിസ് (43), സാഡിയോ മാനെ (60), ഗ്രാസിയാനോ പെല്ലെ എന്നിവരുടെ ഗോളുകളിലൂടെ സതാംപ്റ്റന്‍ മറുപടി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it