thiruvananthapuram local

അഗസ്ത്യവനമേഖല ഏഴാം ബ്ലോക്കില്‍ മാലിന്യ പ്ലാന്റ് സര്‍ക്കാര്‍ നീക്കത്തിനെതിരേ നാട്ടുകാര്‍

കെ മുഹമ്മദ് റാഫി
പാലോട്: ഐഎംഎ ബയോമെഡിക്കല്‍ പ്ലാന്റിനു പിന്നാലെ അഗസ്ത്യവനമേഖലയില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി പ്ലാന്റുമായി സര്‍ക്കാര്‍ രംഗത്ത്. അഗസ്ത്യ വന താഴ്‌വരയില്‍ പെരിങ്ങമ്മല അഗ്രിഫാം ഒരുപറ സെറ്റില്‍മെന്റ് കോളനികള്‍ക്ക് സമീപം ഏഴാം ബ്ലോക്കിലാണ് പദ്ധതിക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ നഗരപ്രദേശത്ത് നിന്നു 35 കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ച് വൈദ്യുതിയാക്കാനുള്ള പദ്ധതിയാണിത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആറുപദ്ധതികള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. അഗ്രിഫാം ഏഴാം ബ്ലോക്കില്‍ പതിനഞ്ച് ഏക്കര്‍ വനഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാല്‍ പശ്ചിമഘട്ട മലനിരകളില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായ അഗസ്ത്യ വന താഴ്‌വരയില്‍ ഇത്തരമൊരു പ്ലാന്റ് വരുന്നത് വനമേഖലയുടെ നാശത്തിന് കാരണമാവും. പ്ലാന്റിന് സ്ഥലം കണ്ടെത്തിയ പ്രദേശത്തിനടുത്താണ് ചിറ്റാര്‍ നദി ഒഴുകുന്നത്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ വാമനപുരം നദിയുടെ കൈവഴിയാണ് ചിറ്റാര്‍ നദി. ഇതിന് പുറമെ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ആദിവാസി സെറ്റില്‍മെന്റ് കോളനികള്‍, റിസര്‍ച്ച് വനം, വിവിധ പ്ലാന്റുകള്‍, തുടങ്ങിയവയുടെ മധ്യത്തിലാണ് പ്ലാന്റ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഔഷധ സസ്യങ്ങളും നിരവധി നീരുറവകളും ഉള്‍പ്പെടുന്ന സംരക്ഷിക്കപ്പെടേണ്ട മേഖലയാണിത്. നേരത്തെ തന്നെ ഇത്തരത്തില്‍ സമ്പന്നമായ തൊട്ടടുത്ത പ്രദേശം ഓടുചുട്ടപടുക്കയില്‍ ഐഎംഎ പ്ലാന്റ് വരുന്നതിനെതിരേ ശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. പദ്ധതിയില്‍ നിന്ന് അധികൃതര്‍ പിന്‍മാറിയെങ്കിലും ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോഴും സമരമുഖത്താണ്.
ജില്ലയിലെ പ്രധാന ആദിവാസി ആവാസമേഖലയും പശ്ചിമഘട്ട പരിസ്ഥിതി ദുര്‍ബലമേഖലയുമായ മലനിരകളില്‍ അധികാരികളുടെ ഒത്താശയോടെ ആരംഭിക്കാന്‍ പോവുന്ന ഖരമാലിന്യ വൈദ്യുതി പദ്ധതിക്കെതിരേ നാട്ടുകാര്‍ രംഗത്തെത്തി. പ്രക്ഷോഭത്തിന് മുന്നോടിയായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്.
മാലിന്യങ്ങളുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഗ്രാമങ്ങളിലുള്ളവര്‍, ആദിവാസി സെറ്റില്‍മെന്റ് കോളനിവാസികള്‍ തുടങ്ങിയവരെ സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ഇതിന് മുന്നോടിയായി ഇന്ന് രണ്ട് മണിക്ക് ആദിവാസി കൂട്ടായ്മ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് സുള്‍ഫി, കണ്‍വീനര്‍ ഇടവം ഷാനവാസ്, ട്രഷറര്‍ സോഫി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it