അഗസ്താ വെസ്റ്റ്‌ലാന്‍ഡ് കേസ്പ്രധാന പ്രതിയെ ഇന്ത്യക്ക് കൈമാറണമെന്ന് യുഎഇ കോടതി

ന്യൂഡല്‍ഹി: അഗസ്താ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ കേസിലെ പ്രധാന പ്രതി ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ഉത്തരവിട്ടു. സിബിഐയുടെയും ആദായ നികുതി വകുപ്പിന്റെയും അപേക്ഷയെത്തുടര്‍ന്നാണ് നടപടി. എന്നാല്‍, ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ സാധ്യതയുള്ളതിനാല്‍ കൈമാറ്റ നടപടികള്‍ വേഗത്തിലുണ്ടാവില്ലെന്നു വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ 3600 കോടിയുടെ അഴിമതി നടന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് മിഷേലിനെ യുഎഇ പോലിസ് അറസ്റ്റ് ചെയ്തത്. ഇടപാടിലെ ഇടനിലക്കാരനാണ് ബ്രിട്ടിഷുകാരനായ മിഷേല്‍. അതേസമയം, കോടതിയുത്തരവിനു പിന്നാലെ മിഷേല്‍ അപ്രത്യക്ഷനായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
അറസ്റ്റിലായ മിഷേലിനെ 45 ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കസ്റ്റഡിക്കാലത്ത് ഇടപാടില്‍ ഗാന്ധി കുടുംബത്തിന്റെ പേര് പറയാന്‍ സിബിഐ മിഷേലില്‍ സമ്മര്‍ദം ചെലുത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അമല്‍ അല്‍സുബേയ് ആരോപിച്ചിരുന്നു. എന്നാലിത് സിബിഐ നിഷേധിച്ചു. ഹെലികോപ്റ്റര്‍ ഇടപാട് നടത്താന്‍ മിഷേല്‍ നിരവധി പേര്‍ക്ക് കൈക്കൂലി നല്‍കിയതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. പണം സ്വീകരിച്ചവരില്‍ വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയുടെ അര്‍ധസഹോദരനും ഉള്‍പ്പെടും.
Next Story

RELATED STORIES

Share it