wayanad local

അക്ഷരവെളിച്ചത്തിലേക്ക് അയ്യായിരത്തിലധികം ആദിവാസികള്‍: പ്രഖ്യാപനം മന്ത്രിസഭാ വാര്‍ഷികത്തില്‍

കല്‍പ്പറ്റ: നവകേരള സൃഷ്ടിയെന്ന ആശയത്തിന് ശക്തിപകരാന്‍ ജില്ലാ സാക്ഷരതാ മിഷനും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലൂടെ സാക്ഷരരായ അയ്യായിരത്തിലധികം ആദിവാസികളെ നവസാക്ഷരരായി പ്രഖ്യാപിക്കും. അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതി പ്രകാരം ജില്ലയിലെ 283 പണിയ കോളനികളില്‍ നിന്നായി 5,283 പേര്‍ ഏപ്രില്‍ 22ന് വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതും.
50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന് വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ജില്ലയിലെ ആദിവാസി സാക്ഷരത 71.5 ശതമാനമാണ്. ഇത് 85 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. 566 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇതില്‍ 283 പേര്‍ ബന്ധപ്പെട്ട കോളനികളിലെ അഭ്യസ്തവിദ്യരും ശേഷിക്കുന്നവര്‍ കോളനിയിലോ സമീപപ്രദേശങ്ങളിലോ ഉള്ളവരുമാണ്. ഒരാള്‍ സംഘാടനത്തിനും മറ്റൊരാള്‍ ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നു.
ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായ കര്‍മസമിതിയുടെ മേല്‍നോട്ടത്തിലാണ് ആദിവാസി സാക്ഷരതാ പ്രവര്‍ത്തനം.
പട്ടികജാതി-വര്‍ഗ മേഖലകളില്‍ സാക്ഷരതാ പ്രവര്‍ത്തകരെ വിന്യസിച്ച് തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it