അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം, പ്രായമനുസരിച്ച് പ്രവേശനപ്പരീക്ഷ നടത്താന്‍ ഉത്തരവ്

ടി എസ്  നിസാമുദ്ദീന്‍
ഇടുക്കി: അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച ആശങ്ക പരിഹരിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കാന്‍ അംഗീകാരമുള്ള സ്‌കൂളുകള്‍ പ്രവേശനം നല്‍കണം. ഇതിനായി പ്രവേശനപ്പരീക്ഷ നടത്തി രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് വയസ്സ് അടിസ്ഥാനത്തി ല്‍ ഈ അധ്യയനവര്‍ഷത്തേക്കു മാത്രം പ്രവേശനം നല്‍കാനാണ് ഗവര്‍ണറുടെ ഉത്തരവുപ്രകാരം അണ്ടര്‍ സെക്രട്ടറി ടി വി ശ്രീലാല്‍ നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ തുടര്‍പഠനം സംബന്ധിച്ച് തീരുമാനമാവാത്തത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാവുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് വിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധിക്കു പരിഹാരമായി മാര്‍ഗരേഖ തയ്യാറാക്കി 1327/2018 നമ്പര്‍ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്.
അതേസമയം, വരുന്ന അധ്യയനവര്‍ഷം അംഗീകാരമില്ലാത്ത എല്ലാ അണ്‍ എയ്ഡഡ് സ്‌കൂളുകളും അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെല്ലാം സര്‍ക്കാര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. 2009ലെ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം, അതിനു ശേഷമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍, ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവു തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഇതു ധിക്കരിച്ച് സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമപ്രകാരം മാനേജര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. കേരള വിദ്യാഭ്യാസ ചട്ടത്തിലും (കെഇആര്‍) അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാന്‍ വ്യവസ്ഥയുണ്ട്. എന്നാ ല്‍, സര്‍ക്കാര്‍ അതു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കെഇആര്‍ പ്രകാരം പുതിയ സ്‌കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച്, സമീപം പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സിബിഎസ്ഇ സ്‌കൂളുകള്‍ ഏറിയ പങ്കും പ്രവര്‍ത്തിക്കുന്നത്.
ഇടതു സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ തന്നെ പുതിയ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നു തീരുമാനിച്ചിരുന്നു. 2010ല്‍ കേന്ദ്ര വിദ്യാഭ്യാസനിയമം നടപ്പാക്കാന്‍ ഒരുങ്ങിയെങ്കിലും സ്‌കൂളുകള്‍ കൂട്ടത്തോടെ പൂട്ടുന്നത് ഒഴിവാക്കാന്‍ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്നമനസ്സാണെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മറുപടി.
അതേസമയം, നിരവധി സ്‌കൂളുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിവിധി നേരത്തേ വരുകയും അനുകൂലമാവുകയും ചെയ്‌തെങ്കിലേ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് പുതിയ പ്രവേശനവും തുടര്‍നടപടികളും നടത്താനാവൂ. അതുകൊണ്ടുകൂടിയാണ് സര്‍ക്കാര്‍ ആശയക്കുഴപ്പത്തിനിടന ല്‍കാതെ ഉത്തരവിറക്കിയത്.
Next Story

RELATED STORIES

Share it