അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ തിടുക്കത്തില്‍ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. അംഗീകാരത്തിനായി 1,194 സ്‌കൂളുകള്‍ അപേക്ഷ നല്‍കിയതില്‍ 359 എണ്ണത്തിന് അംഗീകാരം നല്‍കി. ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം നല്‍കി വിദ്യാര്‍ഥികളില്‍ നിന്നു വന്‍ തുക ഫീസ് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2016 മാര്‍ച്ച് 16ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സംബന്ധിച്ച് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. 1,585 സ്‌കൂളുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിനു സ്‌കൂളുകള്‍ മറുപടി നല്‍കിയിട്ടുണ്ട്. ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരുകയാണ്.
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അവരുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കുന്നതിന് രണ്ടു വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലാത്ത സ്ഥിതിയാണ്. സ്‌കൂളിന് മൂന്ന് ഏക്കര്‍ ഭൂമി വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തണം. മികച്ച നിലവാരമുള്ള സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ മക്കളെ ചേര്‍ക്കുന്നത് സ്വാഭാവികം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.
മധ്യവേനല്‍ അവധിക്കായി അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂളുകള്‍ക്ക് നോട്ടീസ് ലഭിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ കെ എന്‍ എ ഖാദര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it