|    Nov 21 Wed, 2018 5:47 pm
FLASH NEWS
Home   >  National   >  

59 മിനിറ്റ് കൊണ്ട് ലോണ്‍; സ്വപ്‌ന പദ്ധതി കൈകാര്യം ചെയ്യുന്നത് മോദിയുടെയും അംബാനിയുടെയും അടുപ്പക്കാരുടെ കമ്പനി?

Published : 8th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: റഫേലിനും പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജനയ്ക്കും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ കോര്‍പറേറ്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ മറ്റൊരു പദ്ധതി കൂടി? ചെറുകിട, ഇടത്തരം കമ്പനികള്‍ക്കു ലോണ്‍ ലഭ്യമാക്കുന്നതിന് ഈ മാസം 2ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയെക്കുറിച്ചാണ് സംശയമുയരുന്നത്.

കരീയേഴ്‌സ് 360യുടെ സ്ഥാപകനും ചെയര്‍മാനുമായ മഹേശ്വര്‍ പേരിയാണ് ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായ കാപിറ്റവേള്‍ഡുമായി പദ്ധതി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.

2017 മാര്‍ച്ച് വരെ യാതൊരു ഓപറേഷനുകളും നടത്താതിരുന്ന കമ്പനിയാണിത്. അതിന് രണ്ട് വര്‍ഷം മുമ്പാണ് കമ്പനി രൂപീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കമ്പനിയുടെ പുതുതായി നിയമിക്കപ്പെട്ട ഡയറക്ടര്‍ 2014ല്‍ മോദിയുടെ തിരഞ്ഞെടുപ്പ് കാംപയ്ന്‍ നയിച്ചിരുന്നയാളാണ്.

2015 മാര്‍ച്ച് 30ന് രൂപീകരിച്ചതെങ്കിലും 2017 മാര്‍ച്ച് 31വരെ കാപിറ്റവേള്‍ഡ് കമ്പനി ഒരു ഓപറേഷനും നടത്തിയിരുന്നില്ല. ആ സമയത്ത് കമ്പനിയുടെ വരുമാനം 15,000 രൂപയായിരുന്നു.

ജിനന്ദ് ഷാ, വികാസ് ഷാ എന്നിവരാണ് കമ്പനിയുടെ ഉടമകള്‍. ബോര്‍ഡിലെ മറ്റൊരു ഡയറക്ടറായ വിനോദ് മോധ നേരത്തേ അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന നിര്‍മ, മുദ്ര ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളുടെ ഉപദേശകനാണ്.

2017വരെ പ്രവര്‍ത്തിയില്‍ ഇല്ലാതിരുന്ന യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു കമ്പനി എങ്ങിനെ ഇത്ര വലിയൊരു പദ്ധതിയുടെ ഭാഗമായി എന്ന ചോദ്യമാണ് പേരി മഹേശ്വര്‍ ഉയര്‍ത്തുന്നത്. എന്തൊക്കെയാണ് കമ്പനിയുമായുള്ള കരാര്‍ നിബന്ധനകള്‍, ഇതിലൂടെ കാപിറ്റവേള്‍ഡ് ഉണ്ടാക്കുന്ന ലാഭമെത്ര തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തുന്നു.

ലോണിന് അപേക്ഷിച്ച് കഴിഞ്ഞാല്‍ അനുവദിച്ചു കൊണ്ടുള്ള കാപിറ്റവേള്‍ഡിന്റെ ഇമെയിലാണ് ആദ്യം അപേക്ഷകന് ലഭിക്കുന്നത്. ലോണുമായി ബന്ധപ്പെട്ട കണക്കുകളും ഒരു ബാങ്കുമായി അപേക്ഷകനെ ബന്ധിപ്പിക്കുന്ന വിവരങ്ങളും അതിലുണ്ടാവും. കമ്പനി എങ്ങിനെയാണ് ലോണ്‍ അനുവദിക്കുകയും ബാങ്കുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

പദ്ധതിപ്രകാരം എല്ലാ അപേക്ഷകരും 1,180 രൂപ അപേക്ഷാ ഫീസ് ആയി അടക്കണം. അതിന് പുറമേ യോഗ്യരായവര്‍ ലോണിന്റെ 0.35 ശതമാനം പ്രോസസിങ് ഫീസ് ആയും നല്‍കണം. ഈ തുക കാപിറ്റവേള്‍ഡിലേക്കാണ് പോകുന്നത് എന്ന സൂചനയാണ് ലഭിക്കുന്നത്.

2018 മാര്‍ച്ചിനു ശേഷം കമ്പനി പുതിയ ഡയറക്ടര്‍മാരെ നിയമിച്ചിരുന്നു. അതിലൊരാള്‍ അഖില്‍ ഹാന്ദയാണ്. 2014ല്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.

അപേക്ഷകരുടെ പല സുപ്രധാന വിവരങ്ങളും ദുരൂഹത നിറഞ്ഞ ഈ സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നു എന്നതാണ് മറ്റൊരു അപകടമായി ചൂണ്ടിക്കാട്ടുന്നത്. ലോണിനായി അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് ചെറുകിട കമ്പനികളില്‍ നിന്ന് ഫീസ് ഇനത്തില്‍ എത്ര കോടികളാണ് കാപിറ്റവേള്‍ഡിലേക്ക് ഒഴുകുകയെന്നും പേരി മഹേശ്വര്‍ ചോദിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss