Flash News

സീസണിലെ കപ്പടിക്കുമോ ബ്ലാസ്റ്റേഴ്‌സ്...

സീസണിലെ കപ്പടിക്കുമോ ബ്ലാസ്റ്റേഴ്‌സ്...
X

ദില്‍ഷാദ് മുഹമ്മദ്
കൊച്ചി: ആവനാഴിയില്‍ ആവശ്യത്തിലധികം അമ്പുകള്‍ നിറച്ചാണ് ഐഎസ്എലിന്റെ അഞ്ചാം പതിപ്പിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിഞ്ഞത്. സീസണില്‍ നാല് കളികള്‍ പൂര്‍ത്തീകരിച്ച ബ്ലാസ്‌റ്റേഴ്‌സ് അപരാജിതരാണ്. എന്നാല്‍ പോയിന്റ് നിലയില്‍ ഏഴാമതും. ആരാധകര്‍ പകുതിയും നിരാശയിലും.
ആദ്യകളിയില്‍ എല്ലാവരെയും ഞെട്ടിച്ച് രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ ജയം സമ്മാനിച്ച ബ്ലാസ്‌റ്റേഴ്‌സ്് പക്ഷെ സ്വന്തം തട്ടകത്തില്‍ വിജയനൃത്തം ചവിട്ടാന്‍ ആരാധകര്‍ക്ക് ഇതുവരെ അവസരം കൊടുത്തിട്ടില്ല. ലോകം തന്നെ ചര്‍ച്ച ചെയ്യുന്ന കാണികളാല്‍ സമ്പന്നമായ ബ്ലാസ്‌റ്റേഴ്‌സ് ഇനി പോരായ്മകളാണ് നികത്തേണ്ടതെന്ന് തുടക്കത്തില്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം പതിവിന് വിപരീതമായ ഫോര്‍മേഷനുമായി ജംഷഡ്പൂരിനെതിരെ ആദ്യപകുതിയിലും മുംബൈയ്ക്കും ഡല്‍ഹിക്കുമെതിരെ മുഴുവന്‍ സമയവും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പുറത്തെടുത്ത പ്രകടനം നിരാശയാണ് സമ്മാനിക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ആദ്യകളിയില്‍ കളിച്ച ആക്രമണം പിന്നീട് കൈമോശം വന്നത് എവിടെയാണ്. പതിവിന് വിപരീതമായി കളിക്കാരെ തെരഞ്ഞെടുക്കുന്നത് മുതല്‍ പരിശീലകനായ ഡേവിഡ് ജെയിംസ് പ്രധാന പങ്ക് വഹിച്ചിട്ടും പോരായ്മകള്‍ തീര്‍ക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്നാണ് ആരാധകരുടെ ചോദ്യം.
അസ്ഥിര ലൈനപ്പ്
ഓരോ കളികളിലും വ്യത്യസ്തമായ ലൈനപ്പുകളുമായി എല്ലാവരെയും ഞെട്ടിക്കുന്ന രീതിയാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റേത്. എന്നാല്‍ ഇത് പൂര്‍ണമായും വിജയം കാണുന്നില്ലെന്നാണ് മല്‍സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ലൈനപ്പിലെ വ്യത്യസ്തതയില്‍ ഉൗന്നല്‍ നല്‍കുമ്പോള്‍ വിങില്‍ കളിക്കുന്നവരുടെ പോരായ്മകളും കഴിവുകളും പ്രത്യേകം ശ്രദ്ധിക്കാത്തത് ഒരു പരിധി വരെ കളിയെ ബാധിക്കുന്നുണ്ട്. ഒരു കളിയില്‍ വലതുവിങില്‍ കളിക്കുന്നയാള്‍ അടുത്ത കളിയില്‍ ഇടതുഭാഗത്തേക്ക് മാറുന്നതിലെ ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിനീത്, നര്‍സാരി, ദൗംഗല്‍ എന്നിവരുടെ കഴിഞ്ഞ മല്‍സരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യങ്ങള്‍ ബോധ്യമാകും. ഇവര്‍ക്ക് ഉതകുന്ന പാകമായ സ്ഥലത്ത് വിന്യസിച്ചപ്പോഴെല്ലാം ഗോളുകളും മികച്ച പാസുകളും പിറക്കുന്നത് കാണാം. ഇടതുവലതു ഭാഗങ്ങളിലേക്കുളള മാറ്റം, പാസുകള്‍ നല്‍കുന്നതിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
അപക്വമായ മധ്യനിര
മാനേജ്‌മെന്റിന് നിരന്തര തലവേദന സൃഷ്ടിക്കുന്ന മധ്യനിരയുടെ ദൗര്‍ബല്യമാണ് ടീമിനെ മികച്ച കളി പുറത്തെടുക്കുന്നതില്‍ നിന്നും പിന്നോക്കം വലിക്കുന്നത്. മലയാളി താരമായ സഹല്‍ അബ്ദുള്‍ സമദ് ഒഴിച്ചുളള ആരും തന്നെ മധ്യനിരയില്‍ തിളങ്ങിയിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. തന്ത്രങ്ങളും കളിയും മെനഞ്ഞ് ഞൊടിയിടയില്‍ ആക്രമണം നടത്തി ഗോളുകള്‍ അടിക്കുന്ന ശൈലി മധ്യനിരയില്‍ കാണുന്നില്ല. പകരം മിസ്പാസുകളുടെയും എതിര്‍ ടീം ബോള്‍ റാഞ്ചിയെടുക്കുന്നതിന്റെയും നിരന്തര കാഴ്ച്ചകളാണ്. സ്ഥിരതയില്ലാത്ത ലൈനപ്പിനെ വിന്യസിച്ച് പരീക്ഷണങ്ങള്‍ നടത്തുക മാത്രമാണ് കോച്ച് ഇവിടം നടത്തുന്നത്. എന്നാല്‍ ഓരോ മല്‍സരങ്ങള്‍ കഴിയുമ്പോഴും നിരാശയുടെ മാലപ്പടക്കം സൃഷ്ടിക്കുകയാണ് മധ്യനിര. പ്രതീക്ഷ അര്‍പ്പിച്ച ക്രമറോവിച് ഇതുവരെ ഇവിടം കാര്യമായ ഒന്നും നടത്തിയിട്ടില്ല. കിസിറ്റോ, പെക്കുസണ്‍, പ്രശാന്ത്, സക്കീര്‍, നെജി, നര്‍സാരി തുടങ്ങിയവരെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താതെ പോവുന്നതും തിരിച്ചടിയാകുന്നുണ്ട്.
മുതലെടുക്കാവുന്ന ഗോള്‍ കീപ്പിങ്
മികച്ച ഗോള്‍ കീപ്പറായ ധീരജ്‌സിങിന്റെ ആത്മവിശ്വാസത്തെ മാത്രം ആശ്രയിക്കാനാവില്ല. ധീരജിന്റെ ഉയരക്കുറവ് മുതലാക്കിയാണ് ഗോളുകള്‍ പിറന്നത്. അതുകൊണ്ടാണ് കോച്ച് നവീന്‍കുമാറിന് തന്നെ അവസരം നല്‍കുന്നത്. എന്നാല്‍ നവീന് മികച്ച നിലവാരത്തിലുളള പ്രകടനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുളളതാണ് വാസ്തവം. മറ്റൊരു ഗോള്‍കീപ്പറായ സുജിത് ശശികുമാര്‍ എന്ന പുതുമുഖതാരത്തിന്റെ പരിചയസമ്പത്തില്ലായ്മയും കോച്ചിന് തലവേദനയാകുന്നുണ്ട്.
ഉപയോഗിക്കാത്ത പതിരോധം
ഒരു പക്ഷെ ഈ സീസണിലെ മികച്ച പ്രതിരോധനിരയ്ക്കുളള സമ്പത്തുണ്ട് ബ്ലാസ്‌റ്റേഴ്‌സിന്. ഇതുവേണ്ട വിധത്തില്‍ ഉപയോഗിക്കാനുളള സാഹചര്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് കോച്ചിന്റെ വിശദീകരണം. ഇനിയുളള കളികളില്‍ സിറിള്‍ കാലി, അനസ് എന്നിവരെ വേണ്ടവിധത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ഭാഗമാണിത്.
പന്ത് ലഭിക്കാത്ത മുന്‍നിര
ശക്തമായതും കെട്ടുറപ്പുളളതുമായ മുന്നേറ്റ നിരയാണെങ്കിലും കൃത്യമായി പന്ത് എത്തിക്കുന്നതില്‍ മധ്യനിര പരാജയപ്പെടുമ്പോള്‍ ആക്രമണനിരയെയും സാരമായി ബാധിക്കുകയാണ്. കളിയുടെ തുടക്കത്തിലും ഒടുക്കത്തിലും ഗോളടിക്കാന്‍ മികവുറ്റവര്‍ തന്നെയാണ് ഇപ്പോഴുളളത്. അതുകൊണ്ട് തന്നെയാണ് പരാജയം മണത്ത കളികള്‍ പോലും സമനിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.
ലീഗ് മല്‍സരങ്ങള്‍ കുറവാണെങ്കിലും ഇപ്പോഴും സുരക്ഷിത മേഖലയില്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ സ്ഥിരതയാര്‍ന്ന ടീമിനെ ഇറക്കി കളി മെനഞ്ഞാല്‍ കപ്പടിക്കാനും കലിപ്പടക്കാനും കടം തീര്‍ക്കാനും മഞ്ഞപ്പടയുടെ സ്വന്തം ടീമിന് കഴിയുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it