Flash News

കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
X


തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തമായി കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ മൂന്ന്
ജില്ലകളില്‍ ഞായറാഴ്ച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ അഞ്ചോടെ സംസ്ഥാനത്ത് പരക്കേ ന്യൂനമര്‍ദം ശക്തപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ പോയ മല്‍സ്യ തൊഴിലാളികള്‍ സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണം. ഒക്ടോബര്‍ നാലിന് ശേഷം ആരും കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ചുഴലിക്കാറ്റും അതിശക്തവും അതിതീവ്രവുമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. തീരദേശങ്ങളില്‍ അതിശക്തമായ കാറ്റടിക്കാനും അതുവഴി അപകടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യത കണക്കിലെടുത്ത് തോടുകള്‍ക്കും പുഴകള്‍ക്കും തീരത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ക്യാംപുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര സേനയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം നാളെ ചേര്‍ന്ന് ഡാമുകളിലെ ജലനിരപ്പ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it