|    Dec 15 Sat, 2018 1:53 am
FLASH NEWS
Home   >  National   >  

വെറുപ്പിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരേ പോരാടി സോഷ്യല്‍ മീഡിയയിലെ താരമായി വലി റഹ്മാനി

Published : 14th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: വലി റഹ്്മാനി എന്ന 19 വയസ്സുള്ള കൊല്‍ക്കത്ത സ്വദേശി ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. സോഷ്യല്‍ മീഡിയയെ വെറും കളിതമാശയായി കാണുന്ന ന്യൂജനറേഷനിടയില്‍ ഗൗരവകരമായ ഇടപെടലുകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഈ യുവാവ്.

സ്വന്തമായി നിര്‍മിക്കുന്ന വീഡിയോകളിലൂടെ ഭരണകൂടം, സര്‍ക്കാര്‍ നയങ്ങള്‍, ഭരണ ഘടന, മാധ്യമങ്ങള്‍, വര്‍ഗീയ വിദ്വേഷം, വ്യാജ വാര്‍ത്തകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വലി റഹ്്മാനി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു.

ഡല്‍ഹിയില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിയായ റഹ്്മാനി പലപ്പോഴും ദേശീയ ചാനല്‍ ചര്‍ച്ചകളിലും പൊതുപരിപാടികളിലുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 1.7 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഫെയ്‌സ്ബുക്കില്‍ 1.23 ലക്ഷം പേര്‍ റഹ്്മാനിയെ ഫോളോ ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് റഹ്്മാനി പറയുന്നു. വര്‍ഷങ്ങളായി ഒരു പ്രത്യേക സമുദായത്തിനെതിരേ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഒരാള്‍ എങ്ങിനെ യുപി പോലൊരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി എന്നത് എന്നെ അമ്പരപ്പിക്കുകയും അസ്വസ്ഥനാക്കുകയും ചെയ്തു.

ഇതുപോലൊരാള്‍ മുഖ്യമന്ത്രിയാവുന്നെങ്കില്‍ രാജ്യം എങ്ങോട്ടാണ് പോവുന്നത് എന്നതിനെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കിരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങിനെയാണ് ഞാന്‍ ആദ്യമായി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്യുന്നത്. ആ വീഡിയോ വൈറലായി മാറി. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേര്‍ അത് കണ്ടു. അതാണ് എല്ലാ ഭീഷണികളെയും അതിജീവിച്ച് ആ വഴിയില്‍ മുന്നോട്ട് പോകാന്‍ തനിക്ക് പ്രചോദനമേകിയതെന്ന് റഹ്്മാനി പറയുന്നു.

മുസ്്‌ലിംകളും ദലിതുകളും ആദിവാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിച്ചപ്പോള്‍ ധാരാളം ഭീഷണികള്‍ വന്നിരുന്നു. തന്നെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നു. ബിജെപി ഐടി സെല്ലായിരുന്നു അതിന് പിന്നില്‍. വന്ദേമാതരം പാടണമെന്ന് ചിലര്‍ ഭീഷണി ഉയര്‍ത്തി.

ഈ സമയത്താണ് കുറച്ച് കൂടി വിശാലമായ വിഷയങ്ങളിലേക്ക് പോവണമെന്ന തോന്നലുണ്ടായത്. അങ്ങിനെയാണ് ചരിത്രപരമായ വസ്തുതകള്‍, സര്‍ക്കാര്‍ നയങ്ങള്‍ ജനങ്ങളെ എങ്ങിനെ ബാധിക്കുന്നു, സര്‍ക്കാര്‍ പണത്തിന്റെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വീഡിയോ നിര്‍മിച്ചു തുടങ്ങിയത്. ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നവരില്‍ പകുതിയിലേറെയും അമുസ്്‌ലിംകളാണെന്ന് റഹ്്മാനി പറഞ്ഞു.

പഴയ കാല ഭരണകര്‍ത്താക്കള്‍ തമ്മിലുള്ള യുദ്ധം ഹിന്ദു, മുസ്്‌ലിം ഏറ്റുമുട്ടലായി ചിത്രീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അതിനെ പൊളിച്ചുകാട്ടുന്ന നിരവധി വീഡിയോകള്‍ താന്‍ പുറത്തിറക്കിയിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍, ദലിതുകള്‍ക്കും മുസ്്‌ലിംകള്‍ക്കുമെതിയ വിദ്വേഷം തുടങ്ങിയ വിഷയങ്ങള്‍ 50ഓളം വീഡിയോകള്‍ റഹ്്മാനി പുറത്തിറക്കിയിട്ടുണ്ട്.

പല മാധ്യമങ്ങളും രാഷ്ട്രീയക്കാരില്‍ നിന്ന് പണം സ്വീകരിച്ച് അവരുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. വാട്ട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ വരുന്ന വാര്‍ത്തകളെ ജനങ്ങള്‍ അമിതമായി വിശ്വസിക്കുന്ന സാഹചര്യമുണ്ട്. ഇത് തുറന്നു കാട്ടാന്‍ യുവാക്കള്‍ രംഗത്തു വരണം. എന്നാല്‍, നല്ല അറിവും വായനയും ഉണ്ടെങ്കിലേ അതിന് സാധിക്കൂ എന്ന് റഹ്്മാനി ചൂണ്ടിക്കാട്ടി.

തന്റെ പാതയിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുന്നതിനും ഭാവി നേതാക്കളെ വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ താനെന്ന് റഹ്്മാനി പറയുന്നു. ഇതിനായി കുട്ടികളെ തേടി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് 10 അനാഥ കുട്ടികളെ ദത്തെടുത്തിരിക്കുകയാണിപ്പോള്‍ റഹ്്മാനി.

വലി റഹ്്മാനി കൊല്‍ക്കത്തയിലെ തന്റെ അനാഥാലയത്തിലെ കുട്ടികളോടൊപ്പം

ആറ് മാസം മുമ്പ് ഇതിനായി കൊല്‍ക്കത്തയിലെ തന്റെ ഗ്രാമത്തില്‍ ഉമ്മീദ് എന്ന പേരില്‍ അനാഥാലയം സ്ഥാപിച്ചു. ഇപ്പോള്‍ താന്‍ 10 കുട്ടികളുടെ പിതാവാണെന്നും ഈ കുട്ടികള്‍ മുഴുവന്‍ തന്നെ അബ്ബാജി എന്നാണ് വിളിക്കുന്നതെന്നും വലി റഹ്്മാനി പറഞ്ഞു. അനാഥാലയത്തിന്റെ നടത്തിപ്പിന് 50ഓളം പേര്‍ തനിക്ക് സഹായം നല്‍കുന്നുണ്ട്.

കുടുംബവും തന്റെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്നുണ്ട്. തുകല്‍ ഫാക്ടറി നടത്തുന്ന മുഹമ്മദ് ഷഫീഉദ്ദീന്റെ മൂന്ന് മക്കളില്‍ ഇളയവനാണ് വലി റഹ്്മാനി. അനാഥാലയത്തിന് വേണ്ട ആദ്യ നിക്ഷേപമായ 50,000 രൂപ മാതാവ് കുറേക്കാലമായി കരുതിവച്ചിരുന്ന പണത്തില്‍ നിന്നാണ് നല്‍കിയത്. ഗ്രാമത്തിലെ പ്രായമുള്ള സ്ത്രീകളാണ് അനാഥാലയത്തിന് പിന്തുണ നല്‍കുന്നവരില്‍ ഭൂരിഭാഗവുമെന്നും വലി റഹ്്മാനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss