|    Dec 17 Mon, 2018 10:39 am
FLASH NEWS
Home   >  Kerala   >  

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാന്തപുരം ദിവ്യജ്ഞാനത്തിലൂടെ അറിഞ്ഞിരുന്നതായി അനുയായി; പുലിവാല് പിടിച്ച് എ.പി വിഭാഗം

Published : 22nd November 2018 | Posted By: afsal ph

 


മലപ്പുറം: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ദിവ്യജ്ഞാനത്തിലൂടെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ അറിഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദമായതോടെ ന്യായീകരണവുമായി അനുയായികള്‍. കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും പ്രമുഖ മതപണ്ഡിതനുമായ പത്തപ്പിരിയം അബ്ദുല്‍ റഷീദ് സഖാഫിയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. അടുത്ത ശിഷ്യന്മാരുമായി അമേരിക്ക സന്ദര്‍ശിക്കുന്ന സമയത്ത് കാന്തപുരം പെട്ടന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാല്‍ ഒപ്പമുള്ളവര്‍ വിസ കാലാവധിക്ക് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നുണ്ടന്നും വാഷിങ്ടണ്‍ പോലുള്ള സുപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ബാക്കിയുണ്ടന്ന് അറിയിച്ചെങ്കിലും കാന്തപുരം തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഉസ്താദിന്റെ നിര്‍ബന്ധത്തിനു വഴങ്ങി എല്ലാവരും പെട്ടന്ന് തന്നെ അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ചു കേരളത്തിലേക്ക് മടങ്ങിയെന്നും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
നാട്ടില്‍ എത്തിയതിന്റെ പിറ്റേ ദിവസം ഇറങ്ങിയ പത്രങ്ങളുടെ പ്രധാന തലക്കെട്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടു എന്നതായിരുന്നു. ഉസാമ ബിന്‍ ലാദനെന്ന മുസ്്‌ലിം തീവ്രവാദി ആയിരുന്നു ആക്രമണങ്ങള്‍ക്ക് പിന്നില്‍. ഇത് കാരണം താടിയും തലപ്പാവും വച്ചവരടക്കമുള്ള മുസ്്‌ലിംകളെ അമേരിക്കയില്‍ തെരഞ്ഞുപിടിച്ചു പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അമേരിക്കന്‍ സന്ദര്‍ശനം വെട്ടി ചുരുക്കിയത്. ഇത് കാന്തപുരത്തിന്റെ കറാമത്തിന്റെ (ദിവ്യജ്ഞാനം ) തെളിവായും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
പ്രസംഗം വൈറലായതോടെ ട്രോളുമായി സോഷ്യല്‍മീഡിയ സജീവമായി. തിരുകേശ വിവാദം അടക്കം ഉയര്‍ത്തിക്കാട്ടി കാന്തപുരത്തെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍, കാന്തപുരം അന്വേഷണം നേരിടേണ്ടി വരുമെന്ന വാദവും ഉയര്‍ന്നു. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചു വച്ചത് കുറ്റകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ കറാമത്ത്(ദിവ്യ ജ്ഞാനം) തെളിവായി സ്വീകരിക്കില്ലെന്ന മറുവാദവുമായി കാന്തപുരം അനുകൂലികളും സോഷ്യല്‍മീഡിയയില്‍ സജീവമായി.
ഇത്തരം ആവേശ പ്രസംഗങ്ങള്‍ മുമ്പെപ്പോഴോ നിയന്ത്രിക്കപ്പെട്ടതാണെന്നാണ് കാന്തപുരം അനുയായി അബ്ദുല്ല സഖാഫി ചിയ്യൂരിന്റെ വാദം. ‘ഒന്നര വര്‍ഷം മുമ്പ് നടത്തിയ ഒരു പ്രസംഗത്തില്‍ കാന്തപുരം ഉസ്താദ് അത്ഭുതകരമായി അമേരിക്കയില്‍നിന്നും രക്ഷപ്പെട്ട ഒരു സംഭവം അവതരിപ്പിച്ചു. ഉള്ളതാണോ എന്നെനിക്കറിയില്ല’ എന്ന ആമുഖത്തോടെയാണ് സഖാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്.
‘ഉസ്താദിന്റെ ജീവിതത്തിലെ ഒരു അത്ഭുതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലും അത്തരം അനുഭവങ്ങള്‍ നമുക്ക് ഉണ്ടായേക്കാം. എന്നാല്‍ 9/11 സംഭവം ഉസ്താദ് നേരത്തെ അറിയുമായിരുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ആ പ്രസംഗം കേട്ട ഒരാള്‍ക്കും പറയാന്‍ കഴിയില്ല. വിഷയങ്ങള്‍ കാന്തപുരത്തെ കുറിച്ച് ആകുമ്പോള്‍ അല്പം രുചി കൂടുതലായിരിക്കും. അല്പം മസാലയും ചേര്‍ത്ത് അടിച്ചുവിട്ടാല്‍ നല്ല മാര്‍ക്കറ്റ് ലഭിക്കുമെന്ന് പലരും കരുതുന്നു. അത്രമാത്രം. അബ്ദുല്ല സഖാഫി ചിയ്യൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss