|    Dec 11 Tue, 2018 3:14 am
FLASH NEWS
Home   >  National   >  

അയോധ്യയില്‍ വിഎച്ച്പി ‘ഉപരോധം’: രാഷ്ട്രപതിയും സുപ്രിം കോടതി ചീഫ് ജസ്റ്റിസും ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട്

Published : 24th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: തര്‍ക്കം സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കേ, ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അനധികൃതമായി രാമക്ഷേത്രം നിര്‍മിക്കാനുള്ള നീക്കം തടയാന്‍ രാഷ്ട്രപതിയും സുപ്രിം കോടതി ചീഫ് ജസ്റ്റിസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് അയോധ്യയില്‍ നാളെ വിശ്വഹിന്ദുപരിഷത്തിന്റെ ധര്‍മ സഭ നടക്കാനിരിക്കേയാണ് പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്.

വിഎച്ച്പിയും മറ്റു ഹിന്ദുത്വ സംഘടനകളും അയോധ്യയില്‍ യുദ്ധസമാന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചിട്ടുള്ള ഭ്രാന്തമായ ജനക്കൂട്ടം തെരുവുകള്‍ മുഴുവന്‍ കൈയടക്കിയിരിക്കുകയാണ്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് മുസ്്‌ലിംകള്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നതായാണ് റിപോര്‍ട്ടുകള്‍. 1992 ഡിസംബറില്‍ ബാബരി മസ്്ജിദ് തകര്‍ക്കുന്നതിന് മുമ്പുണ്ടായ അതീവ ഗുരുതര സാഹചര്യത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്നും ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

നശീകരണം ലക്ഷ്യമിട്ടുള്ള അനധികൃതമായ ഒത്തുകൂടല്‍ മുന്‍കൂട്ടി തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ ശ്രമം നടത്താത്തതുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളും കൊള്ളിവയ്പ്പുകളും നടന്നതും. സുപ്രിം കോടതി എന്ത് തീരുമാനിച്ചാലും ഉടന്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചുള്ള ഇപ്പോഴത്തെ നീക്കം അയോധ്യയെയും പരിസരപ്രദേശങ്ങളെയും അതീവ ഗുരുതര സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

അയോധ്യയിലെ ഹിന്ദുത്വ സംഘടനകളുടെ നീക്കം സര്‍ക്കാര്‍ സഹായത്തോടെയാണെന്നാണ് വ്യക്തമാവുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ കിടക്കുന്ന പ്രദേശത്തിന്റെ സംരക്ഷണവും പ്രദേശത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഉറപ്പാക്കാന്‍ രാഷ്ട്രപതിയുടെയും സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെയും അടിയന്തര ഇടപടലിലൂടെ മാത്രമേ സാധിക്കൂ എന്ന് പോപുലര്‍ ഫ്രണ്ട് നാഷനല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് തടസ്സവാദം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കണമെന്നും രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാടിനെ ഗുരുതരമായി ബാധിച്ച ഗജ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന ആവശ്യവും ദേശീയ എക്‌സിക്യീട്ടീവ് കൗണ്‍സില്‍ മുന്നോട്ടു വച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss