|    Nov 16 Fri, 2018 11:29 pm
FLASH NEWS
Home   >  National   >  

കോടതിയില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയെ കൊല്ലാന്‍ ഉത്തരവിട്ടത് വന്‍സാര

Published : 4th November 2018 | Posted By: G.A.G

മുംബൈ: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയത് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാരയുടെ നിര്‍ദേശപ്രകാരമാണെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയാണ് ഈ കൃത്യം ഏല്‍പിച്ചതെന്നും സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷി വിചാരണക്കോടതിയെ അറിയിച്ചു. 2003ലാണ് മന്ത്രി പാണ്ഡ്യ അഹ്മദാബാദില്‍ കൊല്ലപ്പെട്ടത്. ഇപ്പോള്‍ നിര്‍ണായക വിവരം നല്‍കിയ സാക്ഷിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
2002ലാണ് ഞാന്‍ ശെയ്ഖിനെ കണ്ടുമുട്ടിയത്. ശെയ്ഖ്, ഭാര്യ കൗസര്‍ബി, കൂട്ടുകാരന്‍ തുളസീറാം പ്രജാപതി എന്നിവരും ഞാനും തമ്മില്‍ നല്ല സുഹൃത്തുക്കളായി. അക്കാലത്ത് ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ വന്‍സാര പണം തന്നുവെന്നും വധിച്ചെന്നും സുഹ്‌റബുദ്ദീന്‍ എന്നോട് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും നല്ല മനുഷ്യനെയാണ് കൊലപ്പെടുത്തിയത് എന്നും ഞാന്‍ പറഞ്ഞു. 2005ല്‍ എന്നെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്ത് ഉദയ്പൂര്‍ ജയിലിലടച്ചു. അവിടെ വച്ചാണ് പ്രജാപതിയെ കണ്ടുമുട്ടിയത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും പോലിസ് കൊലപ്പെടുത്തിയെന്ന് പ്രജാപതിയാണ് എന്നെ അറിയിച്ചത്- സാക്ഷി പറഞ്ഞു.
പ്രത്യേക സിബിഐ ജഡ്ജി എസ് ജെ ശര്‍മ മുമ്പാകെയാണ് സാക്ഷി മൊഴി നല്‍കിയത്. മൊഴി നല്‍കുന്നത് ഈ ആഴ്ച തുടരും. ശെയ്ഖിനെയും ഭാര്യയെയും 2005ലാണ് വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത്. രാജസ്ഥാന്‍-ഗുജറാത്ത് പോലിസ് പിന്നീട് മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ പ്രജാപതിയെയും കൊലപ്പെടുത്തി.
രണ്ടു വ്യാജ ഏറ്റുമുട്ടലുകള്‍ കേസുകളിലായി 38 പേരെ പ്രതികളാക്കിയാണ് സിബിഐ കേസെടുത്തത്. ഇതില്‍ 16 പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഇവരില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ, വന്‍സാര, ഗുജറാത്ത്-രാജസ്ഥാന്‍ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെയും അമിത്ഷായുടെയും പങ്കു സംബന്ധിച്ച് സിറ്റിസണ്‍ ട്രൈബ്യൂണലിനു മുന്നില്‍ ഹരേന്‍ പാണ്ഡ്യ തെളിവ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് താന്‍ കൊല്ലപ്പെടുമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചിരുന്നു. ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലെന്നുകണ്ട് ഗുജറാത്ത് ഹൈക്കോടതി വിടുകയായിരുന്നു. മോദിയുടെ നിര്‍ദേശപ്രകാരം വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം നടപ്പാക്കിയതെന്ന് പിതാവ് വിത്തല്‍ പാണ്ഡ്യ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss