|    Sep 19 Wed, 2018 8:14 am
FLASH NEWS
Home   >  National   >  

വാജ്‌പേയിയുടെ മരണ വിവരം മോദിയുടെ പ്രസംഗത്തിനു വേണ്ടി മറച്ചു വെച്ചുവെന്ന് ശിവസേന

Published : 27th August 2018 | Posted By: afsal ph


മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ വാജ്‌പേയിയുടെ മരണ വിവരം മോദിയുടെ പ്രസംഗത്തിന് വേണ്ടി മറച്ചുവെച്ചുവെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ രാജ്യസഭാ എംപി കൂടിയായ സഞ്ജയ് റാവത്താണ് സംശയം ഉന്നയിക്കുന്നത്. ഓഗസ്റ്റ് 15ലെ മോദിയുടെ പ്രസംഗത്തിന് വേണ്ടിയാണ് മരണ വിവരം പുറത്ത് വിടാതിരുന്നതെന്നാണ് റാവത്ത് സംശയം പ്രകടിപ്പിക്കുന്നത്. ഓഗസ്റ്റ് 16നാണ് വാജ്‌പേയുടെ മരണവിവരം പുറംലോകം അറിഞ്ഞത്. എന്നാല്‍ 13ന് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും പുറത്തുവന്നില്ല. ഇക്കാര്യവും സഞ്ജയ് റാവത്ത് എടുത്തുപറയുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. മോദിയുടെ പ്രസംഗം തടസപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചത് എന്നും സഞ്ജയ് റാവത്ത് സംശയിക്കുന്നു.
സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് വാജ്‌പേയ് മരിച്ചിരുന്നെങ്കില്‍ ദേശീയ ദുഖാചരണം നടത്തേണ്ടി വരുമായിരുന്നു. ദേശീയ പതാക താഴ്ത്തി കെട്ടേണ്ടി വരുമായിരുന്നു. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പ്രധാന്യവും കുറയുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതു കൊണ്ട് വാജ്‌പേയിയുടെ മരണം ബിജെപി മറച്ചു വെച്ചിട്ടുണ്ടാവാമെന്നാണ് ശിവസേന ആരോപിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss