|    Nov 21 Wed, 2018 5:57 pm
FLASH NEWS
Home   >  Kerala   >  

വാഗണ്‍ ട്രാജഡി: ചരിത്രത്തെ പുനരാവിഷ്‌കരിച്ചത് നൗഷാദ് മീഡിയാ സിറ്റി

Published : 8th November 2018 | Posted By: afsal ph

കോഴിക്കോട്: സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മായിച്ച സംഭവത്തോടെ മലബാറിലെ സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ചരിത്രം വീണ്ടും ചര്‍ച്ചയാകുന്നു. വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായിച്ച നടപടി ദേശവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചതോടെയാണ് സംഭവം വീണ്ടും സജീവ ചര്‍ച്ചയായത്. വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങളും നടന്നതോടെ വാഗണ്‍ ട്രാജഡി വീണ്ടും മലയാളികളുടെ ചര്‍ച്ചയില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍, സ്വാതന്ത്രസമര പോരാട്ട ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംഭവമായിട്ടും പുതിയകാലത്തു വാഗണ്‍ട്രാജഡിയുടെ പൊള്ളുന്ന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ബിംബങ്ങളോ, സ്മാരകങ്ങളോ കുറവാണ്.


‘വാഗണ്‍ട്രാജഡി’ എന്ന ടൈറ്റിലില്‍ നൗഷാദ് മീഡിയസിറ്റി ഒരുക്കിയ നിശ്ചല ദൃശ്യരൂപമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും ഇപ്പോഴും ഏറെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വാഗണ്‍ട്രാജഡിയെകുറിച്ച പുതിയ തലമുറക്ക് കിട്ടാവുന്ന ഒരേയൊരു നിശ്ചല ദൃശ്യരൂപമാണിത്. ഈ ചിത്രത്തെ ആസ്പദമാക്കി രചിച്ച മാറ്റുകലാകാരന്മാരുടെ ചിത്രങ്ങളുമാണ് ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഈയിടെ റീക്രിയേറ്റ് ചെയ്യുകയുണ്ടായതും ഇതേ ചിത്രങ്ങളുടെ മാതൃകയാണ്. മന്ത്രി ഡോ.കെ ടി ജലീലിന്റെ REVISITING MALABAR REBELLION 1921 അടക്കം മലബാര്‍ കലാപത്തെ കുറിച്ചുള്ള പഠനങ്ങളുടെ പുറംചട്ടയിലും നൗഷാദിന്റെ ചിത്രംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി മലബാര്‍ കലാപത്തെക്കുറിച്ചു ഇറങ്ങുന്ന പല ലേഖനങ്ങളിലും പഠനങ്ങളിലും ഈ ചിത്രം തന്നേയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ‘മലബാര്‍ പോരാട്ടത്തിന്റെ ചരിത്രം’ എന്നപേരില്‍ നൗഷാദ് കേരളത്തിന്റെ അകത്തുംപുറത്തും നടത്തിയ പ്രദര്‍ശനങ്ങളിലെ 40 ഓളം ഫ്രെയിമുകളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് വാഗണ്‍ട്രാജഡി.
ചിത്രപ്രദര്‍ശനങ്ങളും ലൈറ്റ് ആന്‍ഡ് ഷോ / നിശ്ചല ദൃശ്യ പ്രദര്‍ശനങ്ങളും മടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി ഇരുപതിലധികം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള നൗഷാദ് മീഡിയസിറ്റി ഡോക്യൂമെന്ററി,ഫീച്ചര്‍ഫിലിം സംവിധായകന്‍കൂടിയാണ്. ബോണ്‍ റാഡിക്കല്‍, ഒരു രാഷ്ട്രം വിചാരണചെയ്യപ്പെടുന്നു തുടങ്ങിയ ഡോക്യൂമെന്ററികള്‍ 2008 കാലയളവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നൗഷാദിന്റെ വര്‍ക്കുകളാണ്.


പരിസ്ഥിതി മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അനേകം ചിത്രരചനകള്‍ നടത്തിയിട്ടുള്ള നൗഷാദ്
തന്റെ ആദ്യസിനിമയായ കാപ്പുചീനോക്കു ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. സദ്ദാം ഹുസൈനിന്റെ കുവൈറ്റ് അധിനിവേശാനന്തരം ലോകത്തുനടന്ന മാറ്റങ്ങളും ലോകത്തെ നരകതുല്യമാക്കുന്ന ഭീകരവാദത്തിന്റെ നാള്‍വഴികളും ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ തിരക്കിലാണ് നൗഷാദ്. ഒരുമലയാളി യുവാവിന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന രീതിയിലാണ് സിനിമ ഒരുങ്ങുന്നത്.
ഫാഷിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ മായിച്ചു കളഞ്ഞ അധികൃതര്‍ മലബാര്‍ സമരങ്ങളുടെ ചരിത്രത്തെ ഭയക്കുന്നവരാണെന്ന് നൗഷാദ് മീഡിയാസിറ്റി പ്രതികരിച്ചു. ചരിത്രത്തെ കാവി വല്‍കരിക്കുന്ന ഇക്കാലത്ത് തന്റെ ചിത്രങ്ങളും സൃഷ്ടികളും ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss