|    Apr 20 Fri, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കോലീബിയെ പൊളിച്ചടുക്കിയ ഓര്‍മയില്‍ ഒരു തിരഞ്ഞെടുപ്പു കൂടി

Published : 15th May 2016 | Posted By: SMR

kolibe

ആബിദ്

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ ധാരണകളും കൂട്ടുകെട്ടുകളും സാധാരണമാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ബേപ്പൂരിലും വടകരയിലും പരീക്ഷിച്ച കോലീബി സഖ്യം. അതീവ രഹസ്യമായി കോണ്‍ഗ്രസ്സും ലീഗും ബിജെപിയും ചേര്‍ന്നുണ്ടാക്കിയ ധാരണ. വോട്ടര്‍മാര്‍ പോലും അറിയാതെ സംഘപരിവാരക്കാരനെ നിയമസഭയിലെത്തിക്കാനും അതിനു പകരമായി സംസ്ഥാനത്തെങ്ങും ബിജെപിയുടെ വോട്ട് വാങ്ങി വിജയിക്കാനും കെ കരുണാകരന്റെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ആശീര്‍വാദത്തോടെ രൂപംകൊണ്ട തന്ത്രം.
1991ല്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചു നടന്ന തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോലീബി സഖ്യത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത് ഇഎംഎസായിരുന്നു. തൊട്ടുപിറകെ ഇഎംഎസിന്റെ പ്രസ്താവനയെ തള്ളി കെ കരുണാകരനും എ കെ ആന്റണിയും രംഗത്തുവന്നു. മുസ്‌ലിംലീഗ് നേതാവ് ശിഹാബ് തങ്ങളും ലീഗ് മുഖപത്രവും കോലീബി സഖ്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. ബിജെപി നേതാക്കളും രഹസ്യവേഴ്ചയെ തള്ളിപ്പറഞ്ഞു.
സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ രംഗത്തു സജീവമല്ലാത്ത രണ്ട് പേരുകള്‍ യുഡിഎഫ് പട്ടികയില്‍ ഇടംപിടിച്ചിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. എം രത്‌നസിങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡോ. കെ മാധവന്‍കുട്ടിയും. രണ്ടും കോലീബി ധാരണയുടെ ഭാഗമായുള്ള ആര്‍എസ്എസ് പ്രതിനിധികളാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഐക്യമുന്നണിയെ നേരിടാനുള്ള ഇടതുമുന്നണിയുടെ കുതന്ത്രം എന്നതിനപ്പുറത്തേക്ക് പ്രസക്തിയില്ലാത്ത ഒരു പ്രസ്താവന മാത്രമായി അത് മാറുമായിരുന്ന സാഹചര്യം.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ബാബരി മസ്ജിദ് സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടവരുടെ ചര്‍ച്ചകളില്‍ ഇതും വിഷയമായി. ബിജെപി നിലപാടും സമീപനവും വീക്ഷണങ്ങളും മാറ്റിവച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും തണലില്‍ സഭയിലെത്തുന്നതു തടയാന്‍ സാധ്യമാവുന്നതു ചെയ്യണമെന്ന അഭിപ്രായമുയര്‍ന്നു.
അടുത്ത ദിവസങ്ങളില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും അഡ്വ. എം രത്‌നസിങിന്റെ സംഘപരിവാര ബന്ധം വ്യക്തമായി ബോധ്യപ്പെടുന്ന തെളിവുകള്‍ ഒന്നും ലഭ്യമായില്ല. എന്നാല്‍, ഡോ. കെ മാധവന്‍കുട്ടിയുടെ കാര്യം അങ്ങനെയായിരുന്നില്ല. ആര്‍എസ്എസ് സാംസ്‌കാരിക സംഘടന തപസ്യയുടെ സംസ്ഥാന അധ്യക്ഷന്‍, ബാലഗോകുലത്തിലെ സജീവ സാന്നിധ്യം, ബിജെപി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷിയുടെ പരിപാടിയുടെ സ്വാഗതസംഘം സാരഥി, രാമക്ഷേത്ര നിര്‍മാണ പ്രക്ഷോഭ പരിപാടികളിലെ പ്രമുഖ പങ്കാളി എന്നീ നിലകളില്‍ സജീവ സംഘപരിവാര സഹയാത്രികനായിരുന്നു അദ്ദേഹം. ഇതോടെ ഏതു വിധേനയും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള ആലോചനകളായി. പി എ എം ഹാരിസ്, ടി എം സൂപ്പി, ഫറോക്ക് സ്വദേശികളും സഹോദരങ്ങളുമായ വി എ റസാ ഖ്, വി എ മജീദ്, വി എ മുസ്തഫ എന്നിവര്‍ രാപകല്‍ ഭേദമില്ലാതെ കഠിനാധ്വാനം ചെയ്തു. ബേപ്പൂര്‍ മണ്ഡലത്തിലെ താമസക്കാര്‍ പോലുമല്ലാതിരുന്ന ഹാരിസും സൂപ്പിയും ദിവസങ്ങളോളം ഇവിടെ ക്യാംപ് ചെയ്താണ് കോലീബി സഖ്യത്തിനെതിരായ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
ആര്‍എസ്എസ് പത്രത്തിന്റെയും വാരികയുടെയും രണ്ട് വര്‍ഷത്തെ ലക്കങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും ഡോ. കെ മാധവന്‍കുട്ടിയുടെ സംഘിവ്യക്തിത്വം വ്യക്തമാക്കുന്നതായിരുന്നു. അവ ഉള്‍പ്പെടുത്തി മാരാരാ ശ്രീ മാധവന്‍കുട്ടിയെ തിരിച്ചറിയുക എന്ന തലക്കെട്ടില്‍ ഒരു ലഘുലേഖ തയ്യാറാക്കി. ജനാധിപത്യ സംരക്ഷണസമിതി കണ്‍വീനര്‍ പി എ എം ഹാരിസ് എന്ന പേരിലായിരുന്നു ലഘു ലേഖ അച്ചടിച്ചത്.
ശരീഅത്ത് വിവാദവേളയില്‍ പൊതു മുസ്‌ലിം സമൂഹത്തിനെതിരായ നിലപാടു സ്വീകരിച്ച ടി കെ ഹംസയായിരുന്നു ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രചാരണം അദ്ദേഹത്തിന് അനുകൂലമാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ചുളുവില്‍ സംഘപരിവാര പ്രതിനിധി നിയമസഭയിലെത്താതിരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുവരെയുള്ള ചരിത്രത്തില്‍ നിന്നു ഭിന്നമായി മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ മണ്ഡലത്തിലുടനീളം പ്രസംഗിച്ചു. മാധവന്‍കുട്ടി യല്ല, താനാണു മല്‍സരിക്കുന്നതെന്നും നിങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ തനിക്കാണെന്നുമായിരുന്നു തങ്ങളുടെ ലഘുപ്രസംഗത്തിലെ മുഖ്യ വാചകം.
ശിഹാബ് തങ്ങളുടെ പര്യടന വാഹനം എത്തുന്നതിനു തൊട്ടുമുന്നിലായി അദ്ദേഹം എത്തുന്ന സ്ഥലങ്ങളിലെല്ലാം ഹാരിസും സൂപ്പിയും പ്രസംഗിച്ചു. തങ്ങളുടെ പ്രസംഗത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് ഈ വാചകവുമായി ശിഹാബ് തങ്ങളുടെ വാഹനം തൊട്ടുപിന്നില്‍ വരുന്നുണ്ടെന്നും അദ്ദേഹത്തോട് മാധവന്‍കുട്ടിയുടെ സംഘപരിവാര ബന്ധത്തെക്കുറിച്ചും മറ്റും ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രചാരണ വാഹനത്തെ ആവേശപൂര്‍വമാണ് ജനം സ്വീകരിച്ചത്. മുന്‍ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ നിന്നു മാറി നിരവധി പ്രദേശങ്ങളില്‍ ഹാരിസിനും സൂപ്പിക്കും പ്രസംഗിക്കേണ്ടിവന്നു. പലയിടങ്ങളിലും ഇവര്‍ക്ക് പ്രാതലും ഭക്ഷണവുമെല്ലാം ഒരുക്കിയത് മുസ്‌ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു.
ചിലയിടത്ത് ഏതാനും പേര്‍ ഭീഷണിപ്പെടുത്തിയെങ്കിലും വന്‍ ജനക്കൂട്ടമാണ് പരിപാടിയെ എതിരേറ്റത്. ആദ്യ ദിവസത്തെ പര്യടനം ഫറോക്ക് ടൗണിലായിരുന്നു അവസാനിച്ചത്.
സമാപന പരിപാടി കഴിഞ്ഞപ്പോള്‍ മേഖലയിലെ സിപിഎം നേതാക്കളും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള ചിലരും സംഘത്തെ അഭിനന്ദിക്കുകയും സ്ഥാനാര്‍ഥി ടി കെ ഹംസയ്ക്ക് നേരില്‍ കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഫറോക്ക് പാലത്തിനു സമീപം ടിബിയിലായിരുന്നു ഹംസ കുടുംബസമേതം താമസിച്ചിരുന്നത്. ഇപ്പോഴത്തെ എസ്ഡിപിഐ നേതാവ് ഇ അബൂബക്കറിനൊപ്പം സംഘം അദ്ദേഹത്തെ കണ്ടു. ഇവരുടെ നോട്ടീസും പ്രസംഗങ്ങളും നമ്മുടെ പത്തിരുപതു യോഗങ്ങളുടെ ഫലം ചെയ്യുമെന്ന ആമുഖത്തോടെയായിരുന്നു സംഘത്തെ കൂട്ടിക്കൊണ്ടുപോയ സിപിഎം നേതാവ് ഹംസയോടു സംസാരിച്ചത്. സംഘം അച്ചടിച്ചിറക്കിയ ലഘുലേഖയുടെ ആയിരക്കണക്കിന് കോപ്പികള്‍ ഇതിനകം ഇടതുമുന്നണി മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചു.
ഇന്ന് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തിലുള്ള പലരും നല്‍കിയ നിര്‍ലോഭമായ പിന്തുണ സംഘത്തിന് കൂടുതല്‍ പ്രചോദനമായി. പ്രചാരണം അവസാനിപ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ കോലീബി സഖ്യം തകരുമെന്ന ഉറച്ച പ്രതീക്ഷയിലായി സംഘം. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ പ്രചാരണ പരിപാടിക്കെത്തിയ രാജീവ്ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് സ്ഥിതിഗതികള്‍ ആകെ മാറ്റി. തിരഞ്ഞെടുപ്പു മാറ്റിവച്ചു.
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോള്‍ സംസ്ഥാനമൊട്ടാകെ യുഡിഎഫിന് അനുകൂല തരംഗമുണ്ടായി. തങ്ങളുടെ അധ്വാനം വെറുതെയാവുമെന്നും ലീഗിന്റെ കരുത്തില്‍ ബേപ്പൂരില്‍ മാധവന്‍കുട്ടി വിജയിക്കുമെന്നും എല്ലാവരും കരുതി. എന്നാല്‍, ഫലം വന്നപ്പോള്‍ കെ മാധവന്‍കുട്ടി 6270 വോട്ടിന് ടി കെ ഹംസയോടു തോറ്റു.
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി ഉണ്ണികൃഷ്ണന്‍ (കോണ്‍ എസ്) അഡ്വ. എം രത്‌നസിങിനെ 16,943 വോട്ടിനു തോല്‍പ്പിച്ചു. വിജയിച്ചിരു ന്നെങ്കില്‍ കേരള രാഷ്ട്രീയ ചി ത്രം തന്നെ മറ്റൊന്നാവുന്നതിനു കാരണമാവുമായിരുന്ന കോലീബി തന്ത്രം കാല്‍നൂറ്റാണ്ടു മുമ്പ് പൊളിച്ചടുക്കിയവര്‍ സന്തോഷത്തോടെയാണ് ഇന്ന് ആ കാര്യങ്ങള്‍ ഓര്‍ക്കുന്നത്. നേരില്‍ കണ്ടാല്‍ ജനം പുറന്തള്ളുന്നവരെ പിന്‍വാതിലിലൂടെ നിയമസഭയിലെത്തിക്കാനുള്ള കേരളത്തിലെ ആദ്യതന്ത്രം തകര്‍ത്തതിന്റെ ആഹ്ലാദം ഇപ്പോഴും അവര്‍ക്കുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss