|    Nov 20 Tue, 2018 2:58 am
FLASH NEWS
Home   >  News Today   >  

യുഎസ് തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തില്‍ ട്രംപിന് തിരിച്ചടി

Published : 7th November 2018 | Posted By: sruthi srt

വാഷിങ്ടണ്‍: യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ട്രംപിന് തിരിച്ചടി.ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും. പ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ട്രംപിന്റെ നയങ്ങള്‍ക്കും നടപടികള്‍ക്കും അതു തിരിച്ചടിയാവും.

ഡെമോക്രാറ്റുകള്‍ യുഎസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം നേടിയാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്കു വഴിയൊരുങ്ങുന്നതിനും സാധ്യത കല്‍പിക്കുന്നു. 2016ല്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണു യുഎസില്‍ ദേശീയതലത്തിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സഭകളിലും നിലവില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമാണുള്ളത്.
435 അംഗ ജനപ്രതിനിധി സഭയിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പുമാണ് നടന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ വിധിയെ കാണുന്നത്. പ്രസിഡന്റിന്റെ കാലാവധിയായ നാലു വര്‍ഷത്തില്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ യുഎസ് കോണ്‍ഗ്രസ്സിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്.
പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ജനപ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള ഭൂരിപക്ഷം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണു ഡെമോക്രാറ്റുകള്‍. സെനറ്റില്‍ ഡെമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകളാണ് തിരഞ്ഞെടുപ്പു നടക്കുന്നതില്‍ ഭൂരിപക്ഷവും. ഒമ്പതെണ്ണം മാത്രമാണു റിപബ്ലിക്കന്‍ പാര്‍ട്ടിയുടേത്.
സെനറ്റില്‍ നിലവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് നേരിയ ഭൂരിപക്ഷം. പൊതുവേ ഭരണകക്ഷിക്കെതിരായാണ് യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനവിധിയുണ്ടാവാറുള്ളത്. 435 സീറ്റുകളുള്ള ജനപ്രതിനിധിസഭയില്‍ നിലവില്‍ 236 റിപബ്ലിക്കന്‍മാരും 193 ഡെമോക്രാറ്റുകളുമാണ് ഉള്ളത്. ഭൂരിപക്ഷത്തിനു വേണ്ടത് 218 സീറ്റുകളാണ്. 100 സീറ്റുകളുള്ള സെനറ്റില്‍ 51 സീറ്റുകള്‍ വേണം ഭൂരിപക്ഷം ഉറപ്പാക്കാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss