|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചുനിന്ന് നേടിയെടുക്കണം: മുഖ്യമന്ത്രി; വ്യോമരക്ഷാപ്രവര്‍ത്തന ഫീസ്, അരി വില ഒഴിവാക്കണമെന്ന് പ്രമേയം

Published : 1st December 2018 | Posted By: G.A.G

തിരുവനന്തപുരം : പ്രളയ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നിച്ചു നിന്ന് നേടിയെടുക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാന സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളുമായുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വ്യോമരക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യപ്പെട്ട ഫീസ് ഒഴിവാക്കണമെന്നും എം.പിമാരായ പി. കരുണാകരനും എം. ബി. രാജേഷും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രളയത്തെ നേരിടുന്നതിന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രമേയം അഭിനന്ദിച്ചു. ദുരന്ത വേളയില്‍ കേന്ദ്രം നല്‍കിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയും കേരള ജനതയോടുള്ള ദയാരഹിത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എം.പിമാരായ ബിനോയ് വിശ്വവും എം. പി വീരേന്ദ്രകുമാറും പ്രമേയം അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും ഒന്നായി നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രളയം ബാധിച്ച കേരളത്തിന്റെ പുനസ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണ്. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. 2500 കോടി രൂപ നല്‍കുമെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. സഹായധനം വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം പത്ത് ശതമാനം വര്‍ദ്ധിപ്പിക്കുക, വായ്പാപരിധി മൊത്തം ആഭ്യന്തര ഉത്പന്നത്തിന്റെ 4.5 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കണം. ജി. എസ്. ടി സെസ് ഏര്‍പ്പെടുത്താന്‍ നടപടിയായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണ സേനാകേന്ദ്രം കേരളത്തില്‍ ആരംഭിക്കണം. ഇതിന് എം. പിമാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. പ്രളയവുമായി ബന്ധപ്പെട്ട പുനസ്ഥാപന പ്രവൃത്തികള്‍ കൂടി ഉള്‍പ്പെടുത്തി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ദിവസം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസംഘം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ വിജ്ഞാപനം വന്നിട്ടില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടു വച്ച പാക്കേജില്‍ നടപടിയുണ്ടായിട്ടില്ല. പ്രളയ സഹായം ആവശ്യപ്പെടുമ്പോള്‍ ഇക്കാര്യം എം. പിമാരുടെ മനസിലുണ്ടാവണം. മാനദണ്ഡപ്രകാരം ലഭിക്കുന്ന തുക കൊണ്ട് പഴയത് പുനസ്ഥാപിക്കാന്‍ പോലും കഴിയില്ല. കേരളത്തിന്റെ പുനിര്‍നിര്‍മാണത്തിന് വലിയ തുക വരേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നയം മൂലം ചില വഴികള്‍ അടഞ്ഞു പോയതായി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തോട് ഉന്നയിച്ച മറ്റ് പ്രധാന ആവശ്യങ്ങള്‍:
* ഗ്രാമീണ റോഡുകള്‍ക്ക് 2000 കോടിയും കേന്ദ്ര റോഡ് നിധിയില്‍ നിന്ന് 3000 കോടിയും.
* ലോകബാങ്ക്, എഡിബി വായ്പ ലഭ്യമാക്കണം. നബാര്‍ഡില്‍ നിന്ന് 2500 കോടി രൂപ വായ്പ.
* റെയില്‍വികസനം, ദേശീയപാത വികസനം, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവള വികസനം.
* എയിംസ് പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടി
* ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഏറ്റെടുക്കാന്‍ നടപടി
* എറണാകുളത്ത് ഫാക്ടിന്റെ സ്ഥലത്ത് പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടി
* വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനെ ജി. എസ്. ടിയില്‍ നിന്ന് ഒഴിവാക്കുക
* അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് പാരിസ്ഥിതിക അനുമതി
* ബാംഗഌര്‍ കൊച്ചി വ്യാവസായിക ഇടനാഴി
* ഓട്ടോമേറ്റഡ് വെതര്‍ സ്‌റ്റേഷനുകള്‍കേരളത്തില്‍ സ്ഥാപിക്കണം. 168 എണ്ണത്തിന് സംസ്ഥാനം സ്ഥലം നല്‍കും.
* കേരളത്തിലെ സൈക്‌ളോണ്‍ വാണിംഗ് സെന്ററിനെ ഏരിയ സൈക്ലോണ്‍ വാണിംഗ് സെന്ററായി ഉയര്‍ത്തണം.
* എന്‍.ഡി ആര്‍.എഫിന്റെ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കാന്‍ നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss