|    Dec 19 Wed, 2018 1:28 pm
FLASH NEWS
Home   >  Kerala   >  

നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് സംഘം നിലയ്ക്കലില്‍

Published : 20th November 2018 | Posted By: basheer pamburuthi

 

പത്തനംതിട്ട: ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംഘം പ്രത്യക്ഷ സമരത്തിനായി നിലയ്ക്കലിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഘടകകക്ഷി നേതാക്കളായ പി ജെ ജോസഫ്, എം കെ മുനീര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എംപി,
ജോണി നെല്ലൂര്‍, സി പി ജോണ്‍ തുടങ്ങിയ നേതാക്കളാണ് നിരോധനാലംഘന സമരത്തിനു നേതൃത്വം നല്‍കുന്നത്. നിരോധനാജ്ഞ ലംഘിച്ചതായും അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിരപരാധികളെയാണ് അറസ്റ്റ് ചെയ്യുന്നതെന്നും നാമജപം ഉരുവിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. നാല് എംഎല്‍എമാരെ കടത്തിവിടാമെന്നാണ് പോലിസ് പറയുന്നത്. അത് അനുവദിക്കാനാവില്ല. അതിനാല്‍ തന്നെ നിരോധനാജ്ഞ ലംഘിക്കും. കലാപമുണ്ടാക്കാനെത്തുന്ന ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്‌തോളൂ. എന്നാല്‍ നാമജപം ഉരുവിടുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡ് തീര്‍ത്തത് ആരെ തടയാനാണെന്നും ശബരിമല പോലിസുകാര്‍ക്കുള്ളതല്ല, അയ്യപ്പ ഭക്തര്‍ക്കുള്ളതാണെന്നും എം കെ മുനീര്‍ പറഞ്ഞു. കാവി തുണിയുടുത്തവരെയും നാമജപം ഉരുവിടുന്നവരെയും കൈയില്‍ ചരട് കെട്ടുന്നവരെയുമെല്ലാം ആര്‍എസ്എസുകാരാക്കാനും ബിജെപിയുമായി കോണ്‍ഗ്രസിനു ബന്ധമുണ്ടെന്ന കുപ്രചാരണം നടത്താനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എന്‍ കെ പ്രേമ
ചന്ദ്രന്‍ എം പി പറഞ്ഞു. ശരണംവിളികളോടെയാണ് യുഡിഎഫ് സംഘം നിലയ്ക്കലില്‍ നിലയുറപ്പിച്ചിട്ടുള്ളത്. എസ്പി യതീശ് ചന്ദ്രയുമായി അല്‍പനേരം വാക്കുതര്‍ക്കമുണ്ടായി. നാല് എംഎല്‍എമാര്‍ക്ക് കാല്‍നടയായി പോവാമെന്നും ബാക്കിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുണ്‌ചെമ്മും അദ്ദേഹം പറഞ്ഞെങ്കിലും സംഘം ആദ്യം വഴങ്ങിയില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിലയ്ക്കലിലേക്ക് യാത്രയാവുകയായിരുന്നു.
അതേസമയം, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലയ്ക്കലിലെത്തി തെളിവെടുപ്പ് തുടരുകയാണ്. പോലിസുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ, ബിജെപി നേതാക്കളും എംപിമാരുമായ വി മുരളീധരന്‍, നളീന്‍ കുമാര്‍ കാട്ടീല്‍ എന്നിവരാണ് നിലയ്ക്കലിലെത്തിയത്. ഇവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss