|    Dec 17 Mon, 2018 1:16 pm
FLASH NEWS
Home   >  Dont Miss   >  

യൂബറിന്റെ പറക്കും കാര്‍ ഇന്ത്യന്‍ നഗരങ്ങളിലുമെത്തും

Published : 30th August 2018 | Posted By: mtp rafeek

ടോക്കിയോ: ട്രാഫിക് തിരക്കുകളെ മറികടന്ന നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് അതിവേഗ സഞ്ചാരമെന്ന സങ്കല്‍പ്പവുമായി യൂബര്‍. യൂബറിന്റെ ആകാശ ടാക്‌സി മുന്നോട്ട് വയ്ക്കുന്നത് ഈ ആശയമാണ്. ഈ ആകാശ ടാക്‌സി നടപ്പാക്കാന്‍ യൂബര്‍ തിരഞ്ഞെടുത്തിട്ടുളള ആദ്യ അഞ്ച് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ജപ്പാന്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. ഡാലസും ലൊസാഞ്ചലസുമാണ് യൂബര്‍ എയര്‍ ഫ്‌ളൈറ്റിന് ആദ്യം തിരഞ്ഞെടുത്ത രണ്ട് നഗരങ്ങള്‍.

എറണാകുളത്ത് നിന്നു തൃശൂരിലേക്കോ മറ്റു നഗരങ്ങളിലേക്കോ പത്ത് പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ ഇത് യാഥാര്‍ഥ്യമായാല്‍ സാധിക്കും. യൂബറിന്റെ എലിവേറ്റ് പ്രോഗ്രാം 2016 ലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം യൂബര്‍ എയര്‍ ഡെമോണ്‍സ്‌ട്രേറ്റ് ചെയ്യാനുളള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 2020 മുതല്‍ വാണിജ്യപരമായി ഇതാരംഭിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ടോക്കിയോയില്‍ നടക്കുന്ന യൂബര്‍ എലിവേറ്റ് ഏഷ്യപെസഫിക് ഉച്ചകോടിയിലാണ് അഞ്ച് വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളുടെ അവതരണം നടക്കുന്നത്.

ഒരു ബട്ടണ്‍ അമര്‍ത്തി യാത്രക്കാര്‍ക്ക് വിമാനയാത്ര ലഭ്യമാക്കുന്നതാണ് യൂബറിന്റെ ലക്ഷ്യമെന്ന് യൂബര്‍ ആകാശപദ്ധതിയുടെ മേധാവിയായ എറിക് എല്ലിസണ്‍ പറഞ്ഞു. യൂബര്‍ എലിവേറ്റേസ് രൂപകല്‍പ്പന ചെയ്ത യൂബര്‍ ഫ്‌ളൈറ്റിന്റെ ആദ്യ ഭാവി യാത്രാ വഴി അവര്‍ പുറത്തുവിട്ടു. ഡല്‍ഹി, ടോക്കിയോ, മുംബൈ, സോള്‍, സിഡ്‌നി, തായ്‌പേയ് എന്നിവിടങ്ങളിലെ പട്ടികയാണ് അവര്‍ പുറത്ത് വിട്ടത്. ഡല്‍ഹിയില്‍ രണ്ട് മണിക്കൂര്‍ സമയമാണ് യൂബര്‍ എയര്‍ ഉപയോഗിച്ചാല്‍ ലാഭിക്കാന്‍ സാധിക്കുകയെന്നാണ് യൂബറിന്റെ അവകാശവാദം.

ഒന്നിലേറെ പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ടാണ് ആകാശ യാത്ര പദ്ധതി യൂബര്‍ നടപ്പാക്കുന്നത്. 15 കിലോമീറ്റര്‍ മുതല്‍ നൂറ് കിലോമീറ്റര്‍ വരെയുളള യാത്രകള്‍ക്കായി വിമാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നതിനായാണ് ഈ പ്രവര്‍ത്തനം. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്നതും കുത്തനെ ഇറക്കാന്‍ പറ്റുന്നതുമായ വിമാനങ്ങളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. ആയിരം മുതല്‍ രണ്ടായിരം അടി ഉയരത്തില്‍ അറുപത് മൈല്‍ ദൂരം ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ സഞ്ചരിക്കാനും കഴിയുന്നതായിരിക്കും.

ഗതാഗതത്തിന് വേണ്ടി മാത്രമല്ല ചരക്കു കടത്തിനും ആകാശ സാധ്യതകള്‍ ഉപയോഗിക്കും. യൂബര്‍ ഈറ്റ്‌സും ആകാശ സംവിധാനം ഉപയോഗിക്കുന്നതോടെ ഭക്ഷണം കൂടുതല്‍ വേഗത്തില്‍ എത്തിക്കുന്നതിന് സാധ്യമാകും.

ആകാശ ഗതാഗത സംവിധാനത്തിന്റെ സാധ്യതകളെ കുറിച്ച് ടോക്കിയോ പരിശോധിക്കുകയാണ്. 2020 ലെ ഒളിംപിക്‌സിന്റെ ഭാഗമായി ഗതാഗതകുരുക്കിന് പരിഹാരമായാണ് ടോക്കിയോ ഇത് ആലോചിക്കുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം യാഥാര്‍ഥ്യമാക്കുന്നതിന് യൂബര്‍ നാസയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss