|    Nov 20 Tue, 2018 3:16 am
FLASH NEWS
Home   >  Kerala   >  

കെ എം ഷാജിയുടെ അയോഗ്യതക്ക് താല്‍ക്കാലിക സ്‌റ്റേ; 50, 000 രൂപ കെട്ടിവക്കണം

Published : 9th November 2018 | Posted By: afsal ph


കൊച്ചി: കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ. കെ എം ഷാജിയുടെ ഹര്‍ജിയില്‍ രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്. അതേസമയം, ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വന്ന വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബഞ്ചിന് മുമ്പാകെയാണ് സ്‌റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെഎം ഷാജി വര്‍ഗീയപരാമര്‍ശങ്ങളുള്ള ലഘുലേഖ വിതരണം ചെയ്തതായി ആരോപിച്ചാണ് നികേഷ് കുമാര്‍ ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു ലഘുലേഖ പുറത്തിറക്കിയത്. എല്‍ഡിഎഫിന്റെ പരാതി പ്രകാരം യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഈ ലഘുലേഖ പിടിച്ചെടുത്തത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെ എം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയില്‍ തെളിയിക്കാനായില്ല. തുടര്‍ന്നാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.

അതേസമയം, പരാതിക്ക് അടിസ്ഥാനമായ ലഘുലേഖ താന്‍ ഇറക്കിയതല്ലെന്ന് കെ എം ഷാജി പ്രതികരിച്ചു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന കോടതിവിധി അപമാനകരമായാണ് കാണുന്നതെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കെ എം ഷാജി പറഞ്ഞു. സ്‌റ്റേ കിട്ടിയത് സ്വാഭാവികം മാത്രമാണെന്നും ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ.എം.ഷാജി പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss