|    Nov 19 Mon, 2018 3:24 pm
FLASH NEWS
Home   >  News Today   >  

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ 15,000 സൈനികര്‍: ട്രംപിന്റേത് ദേശീയ അടിയന്തരാവസ്ഥയ്ക്കുള്ള നീക്കം?

Published : 1st November 2018 | Posted By: sruthi srt

വാഷിംഗ്ടണ്‍: കുടിയേറ്റത്തിനെതിരേ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നത് ദേശീയ അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്ന നീക്കങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കമുള്ള സംഘടനകളും.അതിര്‍ത്തിയില്‍ സൈനീകരെ വിന്യസിപ്പിക്കാനുള്ള ട്രംപിന്റെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. നടപടി രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി അമേരിക്കന്‍ സംഘടനകള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്. സൈന്യത്തെ വിന്യസിക്കുമെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മാത്രം 15000 സൈനികരെ നിയമിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. 2000 പേരെ അടിയന്തര സാഹചര്യം നേരിടാനും 7000 പേരെ തെക്കന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഇടക്കാല തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ഇതിനെ രാഷ്ട്രീയ നീക്കമായും കാണുന്നവരുണ്ട്. അതിനിടെ, അമേരിക്കന്‍ പൗരത്വമില്ലാത്തവരുടെയും അനധികൃത കുടിയേറ്റക്കാരുടെയും മക്കള്‍ അമേരിക്കയില്‍ ജനിച്ചാല്‍ നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാവുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമ ഭേദഗതി വരുത്താന്‍ തയ്യാറെടുക്കുന്നതായി ഒരു അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
‘ഒരാള്‍ ഇവിടെ വരുന്നു. അയാള്‍ക്കു കുഞ്ഞുണ്ടാവുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വര്‍ഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസില്‍ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്’- അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് കര്‍ശന എമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. കര്‍ശന കുടിയേറ്റ വ്യവസ്ഥകള്‍ റിപബ്ലിക്കന്‍ പക്ഷത്തിന് അനുകൂല തരംഗം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ്സിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ അത് സഹായിക്കുമെന്നും ട്രംപ് കരുതുന്നു.
നിയമ ഭേദഗതിക്കുള്ള നീക്കം പുതിയ നിയമപോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍, ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാനാണ് ട്രംപ് ആലോചിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss