|    Nov 21 Wed, 2018 3:27 am
FLASH NEWS
Home   >  News now   >  

വരുന്നൂ ഉപരോധം; ഗെയിം ഓഫ് ത്രോണ്‍സ് മാതൃകയില്‍ പോസ്റ്ററുമായി ഇറാനെതിരേ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

Published : 4th November 2018 | Posted By: mtp rafeek


വാഷിങ്ടണ്‍: ഇറാനെതിരേ വീണ്ടും കടുത്ത ഉപരോധവുമായി അമേരിക്ക. ഇറാനെ സാമ്പത്തികരാഷ്ട്രീയ സമ്മര്‍ദത്തിലാക്കുന്ന വ്യവസ്ഥകളുമായി യുഎസ് കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍വരും.

ഇറാനുമേല്‍ ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍ വച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

‘വരുന്നൂ ഉപരോധം’ എന്നെഴുതിയ സ്വന്തം ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരാനിരിക്കുന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിന് തുടക്കമിട്ടത്. ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്ന ജനപ്രിയ ടിവി സീരിയലിന്റെ പരസ്യവാചകമായ ‘വിന്റര്‍ ഈസ് കമിങ്ങി’ന്റെ ബാനര്‍ മാതൃകയിലാണ് ട്രംപ് തന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്

ഇറാനെയും ഇറാനുമായി വ്യാപാരബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ടാണു യുഎസിന്റെ നീക്കം.
എന്നാല്‍ ഇറാനുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ നേരിടേണ്ടിവരുന്ന നടപടികളില്‍ നിന്ന് ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയുമടക്കം എട്ട് രാജ്യങ്ങള്‍ക്കു യുഎസ് താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇറാനുമായുള്ള വ്യാപാരം ഈ രാജ്യങ്ങള്‍ അവസാനിപ്പിക്കുമെന്ന ധാരണയിലാണു ഇളവ് നല്‍കുന്നതെന്ന് യുഎസ് വ്യക്തമാക്കി.

ഉപരോധ നീക്കം യുഎസിന്റെ മാന്യതയ്ക്കും ഉദാര ജനാധിപത്യത്തിനും കളങ്കമാവുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചു. യുഎസും ഇറാനുമായുള്ള ബലാബലം 40 വര്‍ഷമായി തുടരുകയാണ്. ഇക്കാലത്തിനിടെ തങ്ങള്‍ക്കെതിരേ നിരവധി നടപടികള്‍ യുഎസ് സ്വീകരിച്ചിട്ടുണ്ട്. സാമ്പത്തികമായും സൈനികമായും മാധ്യമയുദ്ധങ്ങളിലൂടെയും യുഎസ് തങ്ങള്‍ക്കെതിരേ നീക്കങ്ങള്‍ നടത്തി. എന്നാല്‍, അതിനെയെല്ലാം ഇറാന്‍ അതിജീവിച്ചിട്ടുണ്ടെന്നും ഖാംനഈ ട്വീറ്റ് ചെയ്തു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഈ വര്‍ഷം മെയില്‍ യുഎസ് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. തുടര്‍ന്നു ഘട്ടംഘട്ടമായി ഉപരോധം പുനസ്ഥാപിച്ചു വരികയാണ്. അതേ സമയം, യുഎസ് ഉപരോധം മറികടക്കാന്‍ ഇറാനെ സഹായിക്കുമെന്നു റഷ്യ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss