|    Nov 17 Sat, 2018 9:17 pm
FLASH NEWS
Home   >  Kerala   >  

തൊടുപുഴയിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമോ? കസ്റ്റഡിയില്‍ ലീഗ് നേതാവും ബിജെപി പ്രവര്‍ത്തകനും

Published : 5th August 2018 | Posted By: mtp rafeek

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തിന് പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കവും റൈസ് പുള്ളര്‍ പോലുള്ള തട്ടിപ്പുകളുമെന്ന് സൂചന. കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലിസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പൊലിസിനു വിവരം ലഭിച്ചു. ഇവരെ ഇടുക്കി എആര്‍ ക്യാംപിലെത്തിച്ചു ചോദ്യംചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലിസിന്റെ പിടിയിലുണ്ട്.

നിധിയ്ക്ക് പുറമേ റൈസ് പുള്ളറിന്റെ പേരിലും കൃഷ്ണന്‍ തട്ടിപ്പ് നടത്തിയതായി പൊലിസ് പറയുന്നു. തട്ടിപ്പിന്റെ കേന്ദ്രം തമിഴ്‌നാടാണ്. പണം കൂടുതല്‍ നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. ആണ്ടിപ്പെട്ടിയിലേക്ക് കൃഷ്ണനും സംഘവും നിരവധി തവണ പോയിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവര്‍ക്കു കൊല്ലപ്പെട്ടയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നാണു പൊലിസിനു ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നല്‍കിയാല്‍ ഒരുലക്ഷമാക്കി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോണ്‍ സംഭാഷണം.

കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിനെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ളതാണു പലതും. പാങ്ങോട് സ്വദേശിയായ മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസാണ് അവസാനത്തേത്. കേസുകള്‍ ഒത്തു തീര്‍ക്കാന്‍ പൊലിസ് ഉന്നതര്‍ക്കു നല്‍കാനെന്നു പറഞ്ഞു പണം വാങ്ങിയ സംഭവത്തിലും കേസുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്‌നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പൊലിസ് സംശയിക്കുന്നു. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി വി പത്മരാജന്റെ ഗണ്‍മാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂര്‍ക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമന്‍ഡാന്റ് രാജശേഖരന്‍. ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് ഇയാള്‍. സര്‍വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു.

ഇരുതലമൂരി, വലം പിരി ശംഖ്, വെള്ളിമൂങ്ങ തട്ടിപ്പുകള്‍ പോലെ മറ്റൊരു ഇനമാണ് റൈസ് പുള്ളര്‍, അഥവാ ഇറിഡിയം കോപ്പര്‍ തട്ടിപ്പ് . അതേസമയം അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചതായി പൊലിസ് അറിയിച്ചു. അന്വേഷണം ഊര്‍ജിതമാക്കാനായി എസ്‌ഐടി സംഘം വിപുലീകരിച്ചു.

മുണ്ടന്‍ മുടി കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. കൊലയ്ക്കു പിന്നില്‍ ആഭിചാരക്രിയകളെക്കുറിച്ചുള്ള തര്‍ക്കമെന്ന നിഗമനത്തിലാണ് പൊലീസ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss