|    Dec 14 Fri, 2018 7:58 pm
FLASH NEWS
Home   >  National   >  

ആ ചിത്രങ്ങള്‍ അയോധ്യാ മാര്‍ച്ചിന്റേതല്ല; വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംഘ്പരിവാര്‍

Published : 2nd December 2018 | Posted By: afsal ph


ന്യൂഡല്‍ഹി: വിഎച്ച്പി ധര്‍മ് സഭയുടേതെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയിലും സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളിലും പ്രചരിപ്പിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന തെളിഞ്ഞു. രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) നവംബര്‍ 25ന് സരയൂ നദീതീരത്താണ് ‘ധര്‍മ് സഭ’ സംഘടിപ്പിച്ചത്. ധര്‍മ സഭയുടേതാണെന്ന് അവകാശപ്പെട്ട് പതിനായിരങ്ങള്‍ കാവി കൊടിയേന്തി അണിനിരന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. അഞ്ച് ലക്ഷം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തെന്നാണ് വിഎച്ച്പി അവകാശപ്പെട്ടത്. എന്നാല്‍ ധര്‍മ് സഭയുടേതാണെന്ന് അവകാശപ്പെട്ട് പ്രചരിച്ച ചിത്രങ്ങള്‍ 2017 ഓഗസ്റ്റില്‍ മറാത്ത ക്രാന്തി മോര്‍ച്ച മുംബൈയില്‍ സംഘടിപ്പിച്ച റാലിയുടെ ചിത്രങ്ങളാണ്.

ഗൂഗിളില്‍ പഴയ ചിത്രങ്ങള്‍ തിരഞ്ഞാല്‍ തന്നെ സംഘ്പരിവാറിന്റെ തട്ടിപ്പ് വ്യക്തമാകും. സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പല പ്രമുഖ മാധ്യമങ്ങളും 2017ല്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ്. മിഡ് ഡേ, അമര്‍ ഉജാല, ലോക് സട്ട് തുടങ്ങിയ മാധ്യമങ്ങളും ഈ ചിത്രങ്ങള്‍ അന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ചിത്രങ്ങള്‍ ഡെക്കാന്‍ ക്രോണിക്കിള്‍, മണി കോണ്‍ട്രോള്‍.കോം തുടങ്ങിയ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജ് പുത് കര്‍ണി സേന ജയ്പൂരില്‍ സംഘടിപ്പിച്ച റാലിയുടെ ചിത്രങ്ങളും സംഘ്പരിവാര്‍ അയോധ്യ മാര്‍ച്ചിന്റെ ചിത്രമായി പ്രചരിപ്പിക്കുന്നുണ്ട്. 2017 മാര്‍ച്ച് മൂന്നിനായിരുന്നു കര്‍ണി സേന രജ്പുത് വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് റാലി നടത്തിയത്. റാലിയുടെ ചിത്രങ്ങള്‍ അന്ന് തന്നെ ന്യൂസ്-18 ഹിന്ദി ചാനല്‍ പുറത്ത് വിട്ടിരുന്നു. അതേ ചിത്രങ്ങളാണ് അയോധ്യമാര്‍ച്ചിന്റേതെന്ന് അവകാശപ്പെട്ട് സംഘ്പരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.


പോലിസുകാരന്‍ വയോധികനെ സഹായിക്കുന്ന മറ്റൊരു ചിത്രവും അയോധ്യ മാര്‍ച്ചിന്റെ ചിത്രമായി സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ രാം ഭക്തര്‍ക്കെതിരേ വെടിവെച്ച പോലിസ് യോഗി ഭരണത്തില്‍ രാം ഭക്തരെ സഹായിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.
എന്നാല്‍ ഈ ചിത്രം 2018 മെയ് 25ന് യു.പി പോലിസ് ട്രീറ്റ് ചെയ്ത ചിത്രമാണ്. വയോധികരെ സഹായിക്കണമെന്ന ബോധവല്‍കരണ പരിപാടിയുടെ ഭാഗമായാണ് യു.പി പോലിസ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ ചിത്രവും അയോധ്യ മാര്‍ച്ചിനിടെ രാം ഭക്തനെ സഹായിക്കുന്ന ചിത്രമായാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചിരിപ്പിക്കുന്നത്.
മുന്‍പ് കേരളത്തിലും ബിജെപി പരിപാടിയുടേതാണെന്ന് അവകാശപ്പെട്ട് മറ്റു പരിപാടികളുടെ ചിത്രങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത് വാര്‍ത്തയായിരുന്നു. തൃശൂര്‍ പൂരത്തിന്റേയും സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ ആയിരങ്ങള്‍ തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും ഇത്തരത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss