Flash News

നെറ്റ് ന്യൂട്രാലിറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം

നെറ്റ് ന്യൂട്രാലിറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം
X

ന്യൂഡല്‍ഹി: രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തുന്നതിനുള്ള നെറ്റ് ന്യൂട്രാലിറ്റി എന്ന തത്വത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്റര്‍നെറ്റിലുള്ള എല്ലാ ഡാറ്റയെയും തുല്യമായി പരിഗണിക്കണം.

യൂസര്‍, ഉള്ളടക്കം, സൈറ്റ്, പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാനോ വ്യത്യസ്തമായ ചാര്‍ജ് ഈടാക്കാനോ പാടില്ല. ഏതെങ്കിലും പ്രത്യേക ഉള്ളടക്കം ബ്ലോക്ക് ചെയ്യുകയോ വേഗത കുറയ്ക്കുകയോ അല്ലെങ്കില്‍ പ്രത്യേകമായ സ്പീഡ് അനുവദിക്കുകയോ ചെയ്യാനും പാടില്ല.

ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) എട്ട് മാസം മുമ്പ് നല്‍കിയ ശുപാര്‍ശയ്ക്ക് ഇന്നലെയാണ് ടെലികോം കമ്മീഷന്‍ അംഗീകാരം നല്‍കിയതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര രാജന്‍ പറഞ്ഞു. എന്നാല്‍, ചില നിര്‍ണായക സേവനങ്ങള്‍ ഈ ചട്ടത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഒഴിവാക്കേണ്ട സേവനങ്ങള്‍ എന്തൊക്കെയാണ് എന്ന് തീരുമാനിക്കാന്‍ ടെലികോം ഡിപാര്‍ട്ട്‌മെന്റ് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍  ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍, ദുരന്ത നിവാരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടേക്കും.

ഇന്ത്യയില്‍ നാല് വര്‍ഷത്തോളം ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കിയ നെറ്റ് ന്യൂട്രാലിറ്റിക്ക് 2017 നവംബറിലാണ് ട്രായ് അംഗീകാരം നല്‍കിയത്. ഉള്ളടക്കങ്ങളോട് ഏതെങ്കിലും വിധത്തിലുള്ള വിവേചനമോ ഇടപെടലോ ഒഴിവാക്കുന്ന വിധത്തിലായിരിക്കണം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കേണ്ടതെന്ന് ട്രായ് നിര്‍ദേശിക്കുന്നു.

അമേരിക്കയില്‍ ഈയിടെ നെറ്റ് ന്യൂട്രാലിറ്റി പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ജൂണിലാണ് അമേരിക്ക നെറ്റ് ന്യൂട്രാലിറ്റി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇത് നിശ്ചിത ഉള്ളടക്കങ്ങള്‍ യൂസര്‍മാര്‍ക്ക് ലഭിക്കുന്നതിന്റെ വേഗത കുറയ്ക്കാനോ ബ്ലോക്ക് ചെയ്യാനോ സേവന ദാതാക്കള്‍ക്ക് അനുമതി നല്‍കും.
Next Story

RELATED STORIES

Share it