|    Dec 10 Mon, 2018 9:14 am
FLASH NEWS
Home   >  News now   >  

ഹിന്ദുത്വ സ്‌ഫോടന പരമ്പരകളിലെ പ്രതി സുരേഷ് നായര്‍ പിടിയില്‍

Published : 25th November 2018 | Posted By: G.A.G

കൊച്ചി: 10 വര്‍ഷം മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശി സുരേഷ് നായര്‍ അറസ്റ്റിലായി . ബറൂച്ചില്‍ വച്ച് ഇയാളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരായ അന്വേഷണം പൂര്‍ണമായും അവസാനിപ്പിക്കാന്‍ നീക്കം നടന്നുവരികയാണെന്ന റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജ്യത്തെ നടുക്കിയ ഏഴു സ്‌ഫോടന സംഭവങ്ങളില്‍ നാലു കേസുകളിലെ മുഖ്യപ്രതിയാണു സുരേഷ് നായര്‍.സ്‌ഫോടന പരമ്പരകളില്‍ 124 പേര്‍ കൊല്ലപ്പെടുകയും 293 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ല്‍ എന്‍ഐഎ ഏറ്റെടുത്തതാണ് കേസുകള്‍. ദുര്‍ബലമായ അന്വേഷണം നടത്തി സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അസീമാനന്ദയെ മക്കാമസ്ജിദ് സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ടിരുന്നു. മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരും പാകിസ്താനികളുമടക്കം 68 പേര്‍ കൊല്ലപ്പെട്ട സംജോത സ്‌ഫോടനത്തിനു പിന്നിലും 2007 ഒക്ടോബര്‍ 11നു അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടന പരമ്പരയ്ക്കു പിന്നിലും നായര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. അധികൃതര്‍ 2011ല്‍ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച സുരേഷ് നായര്‍ക്കെതിരേ ഒരന്വേഷണവും പിന്നീട് നടന്നില്ല. 2011ല്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെടുത്തി എന്‍ഐഎയുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ട വിവരത്തില്‍ ഗുജറാത്തിലെ ഡാകര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ഫ്‌ളാറ്റിന്റെ വിലാസം മാത്രമാണു നല്‍കിയത്.
എന്നാല്‍ എന്‍ഐഎ ഏറ്റെടുത്ത് ഏഴു വര്‍ഷം കഴിഞ്ഞിട്ടും സുരേഷ് നായരെ തിരിച്ചറിയാനുള്ള ഒരു വിവരം പോലും അധികൃതര്‍ക്കു ലഭിച്ചില്ല. എന്‍ഐഎയുടെ ഏറ്റവും പുതിയ ലിസ്റ്റിലും നായരുടെ പേരുണ്ടായിരുന്നു. കൊയിലാണ്ടി പേലിയക്കടുത്ത് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നു ഗുജറാത്തിലേക്ക് ഏതാനും വര്‍ഷം മുമ്പ് പോയി എന്ന് പറയപ്പെടുന്ന സുരേഷ് നായരുടെ കൊയിലാണ്ടിയിലെ ഒരു വിലാസവും ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നില്ല.
കേരളത്തിലെ ആര്‍എസ്എസ് നേതാക്കന്മാരുമായും ഗുജറാത്തില്‍ ജോലി ചെയ്യുന്ന മലയാളികളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് നായര്‍ക്കെതിരായ അന്വേഷണം ആര്‍എസ്എസ് നേതൃത്വം ഇത്രയും നാള്‍ തടയുകയായിരുന്നു എന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss