|    Dec 11 Tue, 2018 12:52 pm
FLASH NEWS
Home   >  National   >  

വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ അന്വേഷണം അട്ടിമറിക്കാനുള്ള സൈനികരുടെ നീക്കത്തിന് തടയിട്ട് സുപ്രിം കോടതി

Published : 13th November 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സുരക്ഷാ സൈനികര്‍ നടത്തിയ നിയമബാഹ്യ കൊലകളെക്കുറിച്ച് സിബിഐ നടത്തുന്ന അന്വേഷണ നീക്കം അട്ടിമറിക്കാനുള്ള സൈനികരുടെ സംഘടിത ശ്രമത്തിന് തടയിട്ട് സുപ്രിം കോടതി.

ഇതുമായി ബന്ധപ്പെട്ട് 700ഓളം സൈനിക ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിക്ക് യാതൊരു മെറിറ്റുമില്ലെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇന്നലെ വ്യക്തമാക്കി. ഈ രണ്ട് ജഡ്്ജിമാര്‍ കേസില്‍ വാദം കേള്‍ക്കരുതെന്നും മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഹരജി കോടതി തള്ളി.

കൊലക്കുറ്റം ചുമത്തപ്പെട്ട സായുധ സേനാ ഉദ്യോഗസ്ഥരെ എന്ത് കൊണ്ട് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തില്ലെന്ന് ജൂലൈയില്‍ ജസ്റ്റിസ് ലോക്കൂര്‍ സിബിഐയോട് ചോദിച്ചിരുന്നു. ഇതാണ് സൈനിക ഉദ്യോഗസ്ഥരെ ജഡ്്ജിമാര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചത്. സിബിഐ ഇതിനോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന്, മണിപ്പൂരില്‍ ഇരകള്‍ ഭയന്ന് കഴിയുമ്പോള്‍ കൊലപാതകികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും ജഡ്്ജി അഭിപ്രായപ്പെട്ടിരുന്നു.

മണിപ്പൂരിലെ നിയമബാഹ്യകൊലകളെക്കുറിച്ചുള്ള സുപ്രിം കോടതി ജഡ്ജിമാരുടെ അഭിപ്രായം ഇന്ത്യന്‍ സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍, മണിപ്പൂര്‍ പോലിസ് എന്നിവയുടെ ആത്മവീര്യം കെടുത്തുന്നതാണെന്നായിരുന്നു സൈനികര്‍ സമര്‍പ്പിച്ച ഹരജികളിലെ വാദങ്ങളിലൊന്ന്.

സായുധ സേന എന്നത് കരുത്തുറ്റ ഒരു വിഭാഗമാണെന്നും ഒരു അഭിപ്രായപ്രകടനം കൊണ്ട് അവരുടെ ആത്മവീര്യം തകരും എന്ന് പറയുന്നത് സൈന്യത്തിന്റെ ദുര്‍ബലതയെയാണ് കാണിക്കുന്നതെന്നും 20 പേജുള്ള വിധിയില്‍ ജഡ്്ജിമാര്‍ ചൂണ്ടിക്കാട്ടി. യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ആത്മവീര്യം ചോരുമെന്ന വാദമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ കേസില്‍ നീതിപൂര്‍വ്വകമായല്ല പെരുമാറുന്നതെന്ന വാദവും കോടതി തള്ളി.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ എന്നാരോപിക്കപ്പെടുന്ന മണിപ്പൂരിലെ നൂറുകണക്കിന് കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് 2016ലും 2017ലും ആണ് രണ്ടംഗ സ്‌പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടത്. 1,528 കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു വിധി.

വളരെ പതുക്കെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. ഈ വര്‍ഷം മാത്രമാണ് ഏതാനും കേസുകളില്‍ സിബിഐ എഫ്‌ഐആറുകളും കുറ്റപത്രങ്ങളും സമര്‍പ്പിക്കാന്‍ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് നിരവധി ഹരജികളുമായി സുപ്രിംകോടതിയുടെ മുന്നിലെത്തി അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കാന്‍ സൈനികര്‍ ശ്രമം ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss