Flash News

റോഹിന്‍ഗ്യകളെ നാടുകടത്തുന്നത് തടയാനാവില്ലെന്ന് സുപ്രിംകോടതി

റോഹിന്‍ഗ്യകളെ നാടുകടത്തുന്നത് തടയാനാവില്ലെന്ന് സുപ്രിംകോടതി
X
[caption id="attachment_429414" align="alignnone" width="560"] റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍[/caption]

ന്യൂഡല്‍ഹി: അസമിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഏഴ് റോഹ്യന്‍ഗ്യന്‍ മുസ്‌ലിംകളെ നാടുകടത്താനുള്ള നീക്കം തടയണമെന്ന ആവശ്യം സുപ്രിം കോടതി നിരസിച്ചു. തീരുമാനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇവര്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ പൗരന്മാരായി സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയ്യാറാണെന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട് അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി തീരുമാനം.

വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മധ്യ റാഖൈനില്‍ നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് റോഹ്യന്‍ഗ്യകളില്‍പ്പെട്ടവരാണ് ഇപ്പോള്‍ നാടുകടത്തപ്പെട്ടവര്‍. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്നാരോപിച്ച് ഇവര്‍ 2012 മുതല്‍ തടവിലാണ്. നാടുകടത്തുന്നതിന് വേണ്ടി അവരെ ഇന്നലെ രാത്രി തന്നെ അതിര്‍ത്തിയിലേക്ക് കൊണ്ടു പോയിരുന്നു.

റോഹിന്‍ഗ്യകള്‍ക്ക് തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മ്യാന്‍മര്‍ എംബസി തയ്യാറാണെന്ന് കേന്ദ്രത്തിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്ത സുപ്രിം കോടതിയെ അറിയിച്ചു.

അതേ സമയം, കേന്ദ്രത്തിന്റെ നീക്കം യുഎന്‍ ചാര്‍ട്ടറിന് എതിരാണെന്ന് റോഹിന്‍ഗ്യകളെ നാടുകടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. എന്നാല്‍, അവരെ പൗരന്മാരായി മ്യാന്‍മര്‍ അംഗീകരിക്കുന്നതിനെക്കുറിച്ച് താങ്കള്‍ക്ക് എന്ത് പറയാനുണ്ടെന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യം.

അത് തെറ്റാണെന്നും അവരെ പൗരന്മാരായി അംഗീകരിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അവരുടെ കാര്യത്തില്‍ ഇടപെടേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കോടതിയുടെ ഉത്തരവാദിത്തെപ്പറ്റി താങ്കള്‍ ഞങ്ങളെ ഓര്‍മിപ്പിക്കേണ്ട കാര്യമില്ല എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു.

റോഹിന്‍ഗ്യകളെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ യുഎന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ നടപടി രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമാണെന്ന് യുഎന്നിന്റെ വംശീയതയുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിനിധി തെന്‍ഡായി അഷ്യൂമെ പറഞ്ഞു. സ്വന്തം രാജ്യത്ത് ജീവനു ഭീഷണിയുള്ളവര്‍ അഭയംതേടിയെത്തിയാല്‍ അതു നല്‍കണമെന്നതാണ് രാജ്യാന്തര നിയമം.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാവുന്ന വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അറസ്റ്റിലായവരെ ആറു വര്‍ഷം ജയിലിലടച്ചതു തന്നെ മനുഷ്യാവകാശ ലംഘനമാണ്. നിലവില്‍ ഇന്ത്യയിലെ വിവിധ ജയിലുകളിലുള്ള 200 റോഹിന്‍ഗ്യന്‍ തടവുകാരുടെ കാര്യത്തില്‍ യുഎന്നിന് ആശങ്കയുണ്ടെന്നും അഷ്യൂമെ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it