|    Nov 18 Sun, 2018 11:59 pm
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസ്സിന് ആശ്വാസം; ബോഫോഴ്‌സ് കേസിലെ സിബിഐ അപ്പീല്‍ സുപ്രീംകോടതി തളളി

Published : 2nd November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഹിന്ദുജ സഹോദരങ്ങളെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരായ സിബിഐ ഹര്‍ജി സുപ്രീംകോടതി തള്ളി. 2005ലെ ഹൈക്കോടതി ഉത്തരവിനെതിരേയായിരുന്നു ഹര്‍ജി. 12 വര്‍ഷം വൈകിയുള്ള അപ്പീലില്‍ അര്‍ഥമില്ലെന്നും നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. യുപിഎ കാലത്തെ ഇടപെടലാണ് ഹര്‍ജി വൈകാന്‍ കാരണമെന്ന സിബിഐ വാദം കോടതി അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. കേസില്‍ യൂറോപ്പ് ആസ്ഥാനമായുള്ള ഹിന്ദുജ സഹോദരന്‍മാരുള്‍പ്പടെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടായിരുന്നു ഹൈകോടതി വിധി.കേസിലെ വിധിക്കെതിരെ അജയ് അഗര്‍വാള്‍ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി പരിഗണനയിലുണ്ടെന്ന് കോടതി വ്യക്തമാക്കി.
സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്‌സ് കേസിലൂടെ പുറത്ത് വന്നത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവര്‍ക്കെതിരേ ആരോപണമുള്ള ബോഫോഴ്‌സ് ആയുധ ഇടപാടില്‍ 2005 മേയിലാണ് ഹിന്ദുജ സഹോദരങ്ങളെയും കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡിഷ് ആയുധ കമ്പനിയായ എബി ബൊഫേഴ്‌സില്‍ നിന്ന് 1437 കോടി രൂപ മുടക്കി പീരങ്കി തോക്കുകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയതായി സ്വീഡിഷ് റേഡിയോ വാര്‍ത്ത നല്‍കിയതോടെയാണ് വിവാദം തലപൊക്കിയത്.
ബോഫോഴ്‌സ് കമ്പനി പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ഡ്‌ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, ഹിന്ദുജ സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 1990ലാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss