|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Kerala   >  

ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തേണ്ടതായിരുന്നുവെന്ന് വി എം സുധീരന്‍

Published : 17th November 2018 | Posted By: G.A.G


തൃശൂര്‍: ശബരിമല വിഷയത്തില്‍ ഹിതപരിശോധന നടത്തേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മുഖ്യമന്ത്രിയുടെ അനാവശ്യ വ്യഗ്രതയാണ് സ്ഥിതി വഷളാക്കിയതെന്നും ബിജെപിയുടെ നിലപാട് കള്ളത്തരമാണെന്നും സുധീരന്‍ പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന വിഷയത്തില്‍ 1932 ല്‍ ഹിത പരിശോധന നടത്തിയിരുന്നു. ഇതിനു സമാനമായി ശബരിമല വിഷയത്തില്‍ ഹിത പരിശോധന നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കേണ്ടിയിരുന്നത്. യുവതീ പ്രവേശം അനുവദിച്ച വിധി പുന:പരിശോധിക്കണമെന്ന ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് പറഞ്ഞ സുപ്രീം കോടതി ആദ്യ വിധിക്ക് സ്റ്റേ ഇല്ലെന്ന് പറയേണ്ടിയിരുന്നില്ല. മണ്ഡലകാലത്തെ പ്രശ്‌നങ്ങളും ഗുരുതരാവസ്ഥകളും കോടതി കാണാതെ പോയത് ഉചിതമായില്ല. വിഷയം സംഘര്‍ഷമില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ സുപ്രീം കോടതി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് തെറ്റുപറ്റി. വൈകാരിക സംഘട്ടനമുണ്ടാകുന്ന സാഹചര്യത്തില്‍ കോടതി കൂടുതല്‍ ജാഗ്രത പലിക്കണമായിരുന്നു. കേരളത്തെ അരാജകമായ അവസ്ഥയിലേക്ക് തള്ളി വിടുന്ന സാഹചര്യം വിധിയിലൂടെ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. കേരളത്തെ രമ്യമായ അവസ്ഥയിലേക്ക് അടിയന്തിരമായി എത്തിക്കാനുള്ള ശ്രമം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയപാതയോരത്ത് മദ്യശാലകള്‍ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കാനായി അനാവശ്യ തിടുക്കമാണ് കാട്ടിയത്. വിധി നടപ്പാക്കാന്‍ കോടതി സമയം നിശ്ചയിച്ചിരുന്നില്ല. അത് കണക്കിലെടുത്ത് സമാധാനപരമായി കൈകാര്യം ചെയ്യാമായിരുന്നു. എന്നാല്‍, ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം രാഷ്ട്രീയ നോട്ടത്തിനായി ഉപയോഗിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. ബിജെപി നടത്തുന്നത് പ്രഹസന സമരമാണ്. ആ പാര്‍ട്ടിയും മോദിയും ആഗ്രഹിക്കുന്നത് സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്. അവരുടെ കള്ളക്കളിയുടെ ഉദാഹരണം കൂടിയാണിത്. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് പിണറായിയും ശ്രീധരന്‍ പിള്ളയും പുലര്‍ത്തുന്നത്. സര്‍വകക്ഷി യോഗവും ചര്‍ച്ചയും വിധി വന്നയുടനെ നടത്തേണ്ടതായിരുന്നു. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ ഭിന്നിപ്പിക്കുകയും ശത്രുക്കളാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്‌തെന്നും സുധീരന്‍ ആരോപിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ബെന്നി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss