Kerala

പ്രോ വൈസ് ചാന്‍സിലര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍ഗോഡ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

പ്രോ വൈസ് ചാന്‍സിലര്‍ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍ഗോഡ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
X

കാസര്‍ഗോഡ്: സംഘ്പരിവാര്‍ നേതാവായ പ്രോ വൈസ് ചാന്‍സലരെ വിമര്‍ശിച്ചതിന് കാസര്‍ഗോഡ് സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘപരിവാര്‍ സംഘടനയായ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് കൂടിയായ പ്രോ വൈസ് ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദിനെ വിമര്‍ശിച്ചാണ് വിദ്യാര്‍ഥി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് പ്രവേശിക്കരുതെന്ന സര്‍ക്കുലര്‍ സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കി. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥി ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് അവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തില്‍ പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ കൂടിയ യോഗം സര്‍വ്വകലാശാല തീരുമാനം പുനഃപരിശോധിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ വിഷയം ചര്‍ച്ചക്കെടുക്കാന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തയ്യാറായിട്ടില്ല. പുറത്താക്കപ്പെട്ട വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതോടെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രോ വൈസ് ചാന്‍സലറെ ഉപരോധിച്ചു.
കാസര്‍ഗോഡ് സര്‍വ്വകലാശാല ആര്‍എസ്എസ് വല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടേയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടി ശക്തമാക്കിയത്. സര്‍വ്വകലശാലയില്‍ ഭൂരിഭാഗം തസ്തികകളിലും ആര്‍എസ്എസ് അനുകൂലികളെ നിയമിച്ചിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ദലിത് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത് മുതലാണ് യൂനിവേഴ്‌സിറ്റിയില്‍ പ്രശ്‌നങ്ങള്‍ വഷളാകുന്നത്. ഒരു ഗ്ലാസ് പൊട്ടിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ നാഗരാജു എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണ് സര്‍വ്വകലാശാല ചെയ്തതത്.
ദലിത് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച അദ്ധ്യാപകനും മനുഷ്യാവകാശ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത അദ്ധ്യാപകനും സര്‍വ്വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇംഗ്ലീഷ് താരതമ്യ പഠനസാഹിത്യത്തിലെ പ്രസാദ് പന്ന്യനും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ദലിത് വിദ്യാര്‍ഥിയെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് നേരത്തെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പ്രസാദ് പന്ന്യനെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ 17ന് വൈസ് ചാന്‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍വ്വകലാശാലയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു, ഗുരുതരമായ പെരുമാറ്റ ദൂഷ്യം കാണിച്ചു എന്ന് മെമ്മോയില്‍ പറയുന്നു.
ആര്‍എസ്എസിന് കീഴിലുള്ള ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് കൂടിയായ പ്രോ വൈസ് ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല എന്ന ആരോപണം ശക്തമാണ്. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമുണ്ട്.
Next Story

RELATED STORIES

Share it