|    Nov 19 Mon, 2018 8:16 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

Published : 2nd November 2018 | Posted By: sruthi srt

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനുപോയ ശേഷം കാണാതായ ഭക്തന്റെ മൃതദേഹം പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംവളവില്‍ വനത്തിനുളളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.എന്നാല്‍ മരിച്ച ശിവദാസിന്റേത് അപകട മരണമാണെന്ന് പോലിസ് അറിയിച്ചു.

ഇതുസംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യമാധ്യമങ്ങളും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസനാണ് (60) മരിച്ചത്. റോഡില്‍ നിന്ന് 50 അടിയോളം താഴ്ചയില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പത്തു ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. ശിവദാസന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് നാലോടെ റോഡിലേക്കു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ വെട്ടിമാറ്റുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നിലയ്ക്കല്‍ പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
ലോട്ടറി വില്‍പ്പനക്കാരനായ ശിവദാസന്‍ കഴിഞ്ഞ 18നാണ് ശബരിമലയില്‍ ദര്‍ശനത്തിനു പോയത്. മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. 19ന് രാവിലെ ദര്‍ശനം കഴിഞ്ഞ് പമ്പയില്‍ തിരിച്ചെത്തിയ ശിവദാസന്‍ മറ്റൊരാളുടെ ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല.
ശിവദാസന്‍ എല്ലാ മലയാളമാസവും ശബരിമലയില്‍ ദര്‍ശനത്തിനു പോയിരുന്ന ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴികളിലും ശിവദാസന്‍ ദര്‍ശനം നടത്താറുണ്ടായിരുന്നു. അച്ചന്‍കോവില്‍ ക്ഷേത്രത്തിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് 25ന് പന്തളം പോലിസില്‍ പരാതി നല്‍കിയിരുന്നു. ലളിതയാണ് ഭാര്യ. മകന്‍: ശരത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss