|    Sep 21 Fri, 2018 2:07 am
FLASH NEWS
Home   >  National   >  

സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തു

Published : 28th August 2018 | Posted By: mtp rafeek

ചെന്നൈ: ഡിഎംകെയുടെ പുതിയ അധ്യക്ഷനായി എം കെ സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സ്റ്റാലിന്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ ചുമതലയേറ്റെടുക്കും. അരനൂറ്റാണ്ട് കാലം എം കരുണാനിധി വഹിച്ച പദവിയിലേക്കാണ് മകന്‍ സ്റ്റാലിന്‍ കടന്നുവരുന്നത്. തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ് ദുരൈമുരുകനെയും തിരഞ്ഞെടുത്തു.

ഡിഎംകെയുടെ മുഴുവന്‍ ജില്ലാ സെക്രട്ടറിമാരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്റ്റാലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടു. വിമത ശബ്ദമുയര്‍ത്തുന്ന സ്റ്റാലിന്റെ സഹോദരന്‍ എം കെ അഴഗിരിയെ പിന്തുണയ്ക്കാന്‍ ആരും രംഗത്തെത്തിയില്ല. കുടുംബത്തില്‍നിന്നു സജീവ രാഷ്ട്രീയത്തിലുള്ള എം കെ കനിമൊഴി എംപിയും സ്റ്റാലിനൊപ്പമാണ്.

അത സമയം,കലാപക്കൊടി ഉയര്‍ത്തുന്ന അഴഗിരിയുടെ നീക്കങ്ങള്‍ സ്റ്റാലിന് വെല്ലുവിളി ഉയര്‍ത്തുമോ എന്നാണ് തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇരു സഹോദരന്മാരും തമ്മില്‍ തര്‍ക്കം തുടങ്ങിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കരുണാനിധി അഴഗിരിയെ മധുരയിലേക്കയച്ചു. ചെന്നൈ സ്റ്റാലിന്റെ തട്ടകമാക്കി. കരുണാനിധിയുടെ മരണംവരെ നിലനിന്ന ആ ധാരണ മറികടന്ന് അഴഗിരി സ്റ്റാലിന്റെ തട്ടകത്തില്‍ കരുത്തു തെളിയിക്കാനെത്തുകയാണ്. അഞ്ചിനു ചെന്നൈയില്‍ ഒരു ലക്ഷം പേരുടെ റാലി നടത്തുമെന്നാണു അഴഗിരിയുടെ പ്രഖ്യാപനം.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍നിന്നു പാര്‍ട്ടിയെ കരകയറ്റുകയാണു സ്റ്റാലിനു മുന്നിലെ ആദ്യ ലക്ഷ്യം. തിരുവാരൂരിലും തിരുപ്പറന്‍കുണ്ട്രത്തും അടുത്തു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഇതിനുള്ള ആദ്യവേദിയാവും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളും അഴഗിരിയുടെ ശക്തി കേന്ദ്രമായിരുന്ന മധുര മേഖലയിലാണ്. തര്‍ക്കം മൂക്കുകയാണെങ്കില്‍ കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരില്‍ അഴഗിരി സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss