|    Dec 13 Thu, 2018 7:16 pm
FLASH NEWS
Home   >  Sports  >  Cricket  >  

മലിംഗയ്ക്ക് നാലു വിക്കറ്റ് : എന്നിട്ടും ഏഷ്യകപ്പില്‍ ലങ്കയ്ക്ക് പരാജയം

Published : 16th September 2018 | Posted By: jaleel mv


ദുബയ്: ഏഷ്യാകപ്പിലൂടെ ഇടവേളയ്ക്ക് ശേഷം ലങ്കന്‍ ക്രിക്കറ്റില്‍ തിരിച്ചുവന്ന ലസിത് മലിംഗ തിളങ്ങി. എന്നാല്‍ ഈയിടെയായി ദയനീയ പരാജയങ്ങള്‍ നേരിട്ട ലങ്ക ഫോമിലേക്ക് ഉയര്‍ന്നില്ല. ശനിയാഴ്ച വൈകീട്ട
്‌നടന്ന ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് ലങ്കയ്ക്ക് 137 റണ്‍സിന്റെ ദയനീയ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫിഖുര്‍ റഹീമിന്റെയും (144) മുഹമ്മദ് മിഥുന്റെയും (63) മികച്ച പ്രകടന മികവില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 262 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് 35.2 ഓവറില്‍124 റണ്‍സേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.3 ഓവറില്‍ 261 റണ്‍സ് എടുത്ത് കൂടാരം കയറുകയായിരുന്നു.
ബംഗ്ലാതാരങ്ങളുടെ നാല് നിര്‍ണായക വിക്കറ്റ് നേടിയാണ് എക്‌സ്പ്രസ് ബൗളര്‍ തിരിച്ചുവരവ് അവിസ്മരണീയമാക്കിയത്. 150 പന്തില്‍ നിന്ന് നാലു സിക്‌സറുകളും 11 ഫോറും അടങ്ങുന്നതാണ് റഹീമിന്റെ ഇന്നിങ്‌സ്. 1 മുഷ്ഫിഖുര്‍ റഹീമാണ് കളിയിലെ താരം.
ടോസ് നേടി ആദ്യ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ താളം പിഴയ്ക്കുകയായിരുന്നു. വെറ്ററന്‍ പേസര്‍ ലസിത് മലിംഗയുടെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചാണ് ബംഗ്ല തുടങ്ങിയത്. അഞ്ചാം പന്തില്‍ ലിട്ടണ്‍ ദാസും തൊട്ടടുത്ത പന്തില്‍ ഷക്കീബ് അല്‍ഹസനും സംപൂജ്യരായി പുറത്ത്. തൊട്ടുപിന്നാലെ തമീം ഇക്ബാല്‍ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. അപ്പോള്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ബോര്‍ഡ് മൂന്ന് വിക്കറ്റിന് രണ്ട് റണ്‍സ് മാത്രം. പിന്നീടാണ് മിഥുന്‍- റഹീം കൂട്ടുകെട്ടിലൂടെ ബംഗ്ലാടീമിന്റെ റണ്‍മല പിറന്നത്.
തുടക്കത്തില്‍ ലങ്കയുടെ ബൗളര്‍മാരെ സൂക്ഷിച്ച് നേരിട്ട ഇവര്‍ പിന്നീട് മല്‍സരത്തിനൊത്ത് ഉയരാനും തുടങ്ങി. ഇടയ്‌ക്കൊക്കെ ബൗളര്‍മാരെ ബൗണ്ടറി കടത്തിയും ഇവര്‍ ടീമിന്റെ രക്ഷകവേഷം കെട്ടി.
131 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 68 പന്തില്‍ 63 റണ്‍സെടുത്ത മിഥുനെ രണ്ടാം സ്‌പെല്ലില്‍ മലിംഗ വീഴ്ത്തിയതോടെ വീണ്ടും ബംഗ്ലാ പടുകുഴിയില്‍ വീണു. രണ്ടിന് 134 റണ്‍സില്‍ നിന്ന് അഞ്ചിന് 142 റണ്‍സിലേക്ക് വീണത് പെട്ടെന്നാണ്. ഒരറ്റത്ത് മുഷ്ഫിഖ് നിലയുറപ്പിച്ച് കളിച്ചെങ്കിലും മറുവശം ഒഴിഞ്ഞുതന്നെ കിടന്നു. തുടര്‍ന്ന് വന്നവരില്‍ മെഹ്ദി ഹസന് (15) മാത്രമാണ് താരതമ്യേന കൂടുതല്‍ റണ്‍സ് കണ്ടെത്താനായത്.
രണ്ടാം ബാറ്റിനിറങ്ങിയ ലങ്ക ആദ്യ 11 പന്തില്‍ 22 റണ്‍സെടുത്ത ശേഷമാണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ തുടങ്ങിയത്. റണ്ണൊന്നുമെടുക്കാത്ത കുശാല്‍ മെന്‍ഡിസായിരുന്നു ബംഗ്ലാ ബൗളര്‍മാരുടെ ചൂണ്ടയില്‍ കുരുങ്ങിയ ആദ്യ ഇര. മുസ്തഫിസൂര്‍ റഹ്മാനായിരുന്നു വിക്കറ്റ്.
തൊട്ടുപിന്നാലെ ബാറ്റ്‌സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഉപുല്‍ തരംഗ (27), കുശാല്‍ പെരേര (11), ധനഞ്ജയ ഡിസില്‍വ (പൂജ്യം), എയ്ഞ്ചലോ മാത്യൂസ് (16) എന്നിവരെല്ലാം വന്നതുപോലെ മടങ്ങി. 29 റണ്‍സെടുത്ത ഉപുല്‍ തരംഗയും 27 റണ്‍സെടുത്ത കുശാല്‍ പെരേരയുമാണ് ലങ്കന്‍ ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍. ബംഗ്ലാദേശിനായി മഷ്‌റഫെ മുര്‍ത്തസ, മുസ്തഫിസുര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss