|    Nov 15 Thu, 2018 4:12 pm
FLASH NEWS
Home   >  Kerala   >  

തഴവയില്‍ വന്‍ സ്പിരിറ്റ് വേട്ട: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Published : 7th November 2018 | Posted By: basheer pamburuthi

കരുനാഗപ്പള്ളി(കൊല്ലം): തഴവയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തഴവയിലെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. മറ്റൊരു ഡിവൈഎഫ്‌ഐ നേതാവും കൂട്ടാളിയും ഓടിരക്ഷപ്പെട്ടു. 20 കന്നാസുകളിലായി ഒളിപ്പിച്ചിരുന്ന 660 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ തഴവ വടക്കുംമുറി കിഴക്ക് കുഴിക്കാലതറ കിഴക്കതില്‍ രഞ്ജിത്തി(36)നെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ കരുനാഗപ്പള്ളി കല്ലേലിഭാഗത്തുനിന്നു ക്വാളിസ് കാറില്‍ കടത്തിക്കൊണ്ടുവന്ന 330 ലിറ്റര്‍ സ്പിരിറ്റുമായാണ് രഞ്ജിത്ത് പിടിയിലായത്. ഇതേ വാഹനത്തില്‍ ഇയാളോടൊപ്പമുണ്ടായിരുന്ന കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അഖിലും ഇവര്‍ക്ക് സ്‌കൂട്ടറില്‍ എസ്‌കോര്‍ട്ട് വന്ന തഴവയിലെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് അന്‍സാറും എക്‌സൈസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പിടിയിലായ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തതില്‍ എസ്‌കോര്‍ട്ട് വന്ന അന്‍സാറിന്റെ വീട്ടില്‍ സ്‌റ്റോക്ക് ചെയ്തിരുന്ന സ്പിരിറ്റാണിതെന്നും അഖിലിന് പരിചയത്തിലുള്ള ആര്‍ക്കോ വില്‍ക്കാന്‍ വേണ്ടിയാണ് കൊണ്ടുവന്നതെന്നും ബാക്കിയുള്ളവ അന്‍സാറിന്റെ വീട്ടില്‍ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മൊഴിനല്‍കി. തുടര്‍ന്ന് എക്‌സൈസ് സംഘം രഞ്ജിത്തുമായി അന്‍സാറിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നു 10 കന്നാസുകളിലായി സൂക്ഷിച്ച 330 ലിറ്റര്‍ സ്പിരിറ്റ് കൂടി പിടികൂടുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അന്‍സാറിന്റെ ഭാര്യ ജെസീനയെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എക്‌സൈസ് സിഐ സി കെ സജികുമാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss