|    Dec 12 Wed, 2018 8:22 pm
FLASH NEWS
Home   >  Kerala   >  

കെ എം ഷാജിയെ സഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് സ്പീക്കര്‍; കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാവില്ല

Published : 22nd November 2018 | Posted By: afsal ph

കൊച്ചി: ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എയും ലീഗ് നേതാവുമായ കെഎം ഷാജിയെ നിയമസഭയില്‍പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വാക്കാലുളള കോടതി പരാമര്‍ശങ്ങള്‍ പാലിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ല. കോടതയില്‍ നിന്നുള്ള രേഖാമൂലമുള്ള അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ എം ഷാജിയെ അറിയിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
കെ എം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന കെ എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഒരു തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കെ എം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്താന്‍ തടസ്സമില്ലെന്നും പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരേയുള്ള കെ എം ഷാജിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഈ മാസം 27 മുതലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാവും സ്പീക്കറുടെ തീരുമാനം.
കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടാം തവണയാണ് മുസ്‌ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്. 2011 ലാണ് സി പി എമ്മിന്റെ കുത്തക സീറ്റായിരുന്ന അഴീക്കോട് മുസ്‌ലിം ലീഗ് പിടിച്ചെടുത്തത്. സി പി എമ്മിലെ സിറ്റിങ് എം എല്‍ എയായിരുന്ന എം. പ്രകാശനെ തോല്‍പ്പിച്ചാണ് 2011ല്‍ ഷാജി അഴീക്കോട് സീറ്റില്‍ വിജയിച്ചത്. 2016 ല്‍ രണ്ടാം തവണ വീണ്ടും മത്സരിച്ച ഷാജി അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ജയിച്ചു. മാധ്യമപ്രവര്‍ത്തകനും സിഎംപി സ്ഥാപകന്‍ എംവി രാഘവന്റെ മകനുമായ നികേഷ് കുമാറായിരുന്നു എതിരാളി.
തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്നുവെന്ന് കാട്ടി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. നികേഷ് കുമാറിന് അനുകൂലമായിരുന്നു വിധിയെങ്കിലും അദ്ദേഹത്തെ വിജയിയായി കോടതി പ്രഖ്യാപിച്ചില്ല. ആറ് വര്‍ഷത്തേക്കാണ് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അയോഗ്യത കല്‍പ്പിച്ചത്. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഷാജി വ്യക്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss