|    Nov 13 Tue, 2018 10:10 pm
FLASH NEWS
Home   >  Kerala   >  

സോഫിയ മൂന്ന് ദിവസമായി പട്ടിണിയിലാണ്; ഒരു നാടിനെ മാലിന്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടം

Published : 8th August 2018 | Posted By: afsal ph

ചാവക്കാട് നഗരസഭ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ കുമിഞ്ഞു കൂടിയ മാലിന്യം

കെ എം അക്ബര്‍

ചാവക്കാട്: സോഫിയ മിഥുന്‍ എന്ന നിയമ വിദ്യാര്‍ഥിനി മൂന്ന് ദിവസമായി പട്ടിണിയിലാണ്. ഒരു നാടിനെ മാലിന്യത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള പോരാട്ടം. ചാവക്കാട് നഗരസഭയുടെ പരപ്പില്‍ത്താഴം ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനു മുന്നിലാണ് നിയമ വിദ്യാര്‍ഥിനിയും ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനടുത്തെ താമസക്കാരിയുമായ സോഫിയ മിഥുന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. 20 വര്‍ഷത്തിലധികമായി നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പരപ്പില്‍താഴത്ത് ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്‌കരണം നടക്കാത്തതിനാല്‍ ദുര്‍ഗന്ധവും പുഴുശല്യവും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്‌ക്കരണ പ്ലാന്റിനെതിരേ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

പരപ്പില്‍ത്താഴം ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനു മുന്നില്‍ പട്ടിണി സമരം നടത്തുന്ന സോഫിയ മിഥുനെ ലാലൂര്‍ സമര നേതാവ് ടി കെ വാസു സന്ദര്‍ശിക്കുന്നു

നിരവധി തവണ നാട്ടുകാര്‍ നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരുപരിഹാരവും ഉണ്ടായിരുന്നില്ല. പ്ലാന്റിലെത്തിക്കുന്ന മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടേയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്‌ക്കരിക്കാത്തതിനാല്‍ പുഴുവരിക്കുന്ന നിലയിലാണ്. ചെറിയ ചാറ്റല്‍ മഴ പെയ്താല്‍ ഈ മാലിന്യം ചീഞ്ഞളിഞ്ഞ് പുറത്തേക്കൊഴുകുകയാണ് പതിവ്. മലിനജലം തൊട്ടടുത്ത കാനയിലൂടെ മത്തിക്കായലിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നുണ്ട്.
മാലിന്യം ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് പുറത്തേക്ക് ഒലിച്ചിറങ്ങുന്നത് മൂലം പരപ്പില്‍താഴം മേഖലയില്‍ ദുരിതമനുഭവിക്കുന്നത് 50ഓളം കുടുംബങ്ങള്‍. നഗരസഭയുടെ ഈ മാലിന്യ മലയില്‍ നിന്നും ഒലിച്ചിറങ്ങുന്ന ജലം കെട്ടി നില്‍ക്കുന്നതിനാല്‍ പ്രദേശത്തെ മണ്ണ് പോലും മലിനമായി. മേഖലയിലെ ശുദ്ധജലവും അശുദ്ധമായി. മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ തടിച്ചു വീര്‍ക്കും. രണ്ടു വയസ്സുകാരി നിയയുടെ കാല്‍ മാസങ്ങളായി ഇത്തരത്തില്‍ വീര്‍ത്തിരിക്കുകയാണ്. ചികില്‍സ തേടി നിരവധി ഡോക്ടര്‍മാര്‍ക്കടുത്തെത്തി. മണ്ണില്‍ നിന്നും അണുബാധയേറ്റതാകാമെന്നായിരുന്നു മറുപടി. ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനടുത്തെ താമസിക്കുന്ന പണിക്കവീട്ടില്‍ സഫിന്‍ദാസ്-മീനു ദമ്പതികളുടെ മകളാണ് നിയ.

മാലിന്യത്തില്‍ നിന്ന് അണുബാധയേറ്റ് രണ്ടു വയസ്സുകാരി നിയയുടെ കാല്‍ തടിച്ച നിലയില്‍

ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് കാലില്‍ അണുബാധയേറ്റിട്ടുള്ളത്. കൂടാതെ വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും മൂലം ദുരിതമനുഭവിക്കുന്നവരും ഒട്ടേറേയുണ്ട് ഇവിടെ. നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പരപ്പില്‍താഴത്തെ ജനങ്ങളുടെ ജീവിതം 20 വര്‍ഷത്തിലധികമായി നരകതുല്യമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു പരിഹാരവുമുണ്ടാവാതായപ്പോഴാണ് പ്രദേശവാസിയായ സോഫിയ മിഥുന്‍ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തിയത്. നാട് ഒറ്റക്കെട്ടായി സമരം ഏറ്റെടുത്തതോടെ രണ്ടു പതിറ്റാണ്ട് കാലത്തെ ദുരിതത്തിന് ഇനിയെങ്കിലും പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ലാലൂര്‍ സമര നായകന്‍ ടി കെ വാസു ഇന്നലെ സമര പന്തലിലെത്തി സോഫിയക്ക് പിന്തുണയറിയിച്ചു. കൂടാതെ എസ്ഡിപിഐ, കോണ്‍ഗ്രസ്, മുസ്്‌ലീം ലീഗ്, പിഡിപി നേതാക്കളും വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടന നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് സമരപ്പന്തലിലെത്തി. അതേ സമയം, അനിശ്ചിതകാല നിരാഹാര സമരത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ ലഭിക്കുന്ന പിന്തുണ നഗരസഭ ഭരിക്കുന്ന സിപിഎമ്മിന് തലവേദനയായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss