|    Nov 19 Mon, 2018 3:19 pm
FLASH NEWS
Home   >  Kerala   >  

പഠിക്കാം: കെയ്‌സിന്റെ കോഴ്‌സുകള്‍

Published : 14th October 2018 | Posted By: sruthi srt

ആധുനിക സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനം പരമ്പരാഗത കൈവേല വൈദഗ്ധ്യത്തെ അപ്രസക്തമാക്കുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഇപ്പോഴും ആശാരിമാരുണ്ട്. പക്ഷെ, പണ്ടത്തെ മൂത്താശാരിയുടെ സ്ഥാനം ഇല്ല. കെട്ടിടത്തെ രൂപകല്‍പ്പന ചെയ്യുന്നത് ആര്‍ക്കിടെക്ടുകളാണ്. ആശാരി വെറും കതകോ വാതിലോ ഉണ്ടാക്കുന്ന കൂലിവേലക്കാരന്‍. ഇവരുടെ പണി ആയുധങ്ങള്‍പോലും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ആശാരിമാര്‍ക്ക് ലെയ്ത്തും മറ്റും ഒഴിവാക്കാനാകില്ല. പണ്ട് ഇല്ലാതിരുന്ന എന്തെല്ലാം പുതിയ നിര്‍മ്മാണ സാമഗ്രികളാണ് ഇന്ന് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് മുതല്‍ ഗ്രാനൈറ്റ് വരെ. ഇലക്ട്രീഷ്യന്‍, പ്ലംബ്ബര്‍ തുടങ്ങിയ പുതിയ വിദഗ്ധര്‍. ഏറ്റവും ആധുനികമായ പണി ആയുധങ്ങളും രീതികളും ഉപയോഗപ്പെടുത്താനുള്ള കഴിവ് ആര്‍ജ്ജിച്ചാല്‍ മാത്രമേ, നമ്മുടെ കെട്ടിട നിര്‍മ്മാണക്കാര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കൂ. ഗള്‍ഫില്‍ പണിക്ക് പോകാനാണ് ആഗ്രഹമെങ്കില്‍ പുതിയ വിദ്യകള്‍ കൈവരിക്കാതെ മറ്റു മാര്‍ഗ്ഗവുമില്ല.

എന്നാല്‍, കേരളത്തിലെ തൊഴില്‍ സേനയിലെ ഭൂരിപക്ഷം പേരും അര്‍ദ്ധവിദഗ്ധരോ വൈദഗ്ധ്യമോ ഇല്ലാത്ത തൊഴിലാളികളാണ്. പുതിയതായി തൊഴില്‍ സേനയിലേയ്ക്ക് വരുന്ന യുവതിയുവാക്കള്‍ക്കെങ്കിലും പുതിയ നൈപുണ്യം ഉറപ്പുവരുത്തിയേ തീരൂ. ഇതിനാണ് വിവിധങ്ങളായ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് ആണ് ഇതില്‍ ഏറ്റവും പ്രമുഖര്‍. കെയ്‌സിന്റെ ആഭിമുഖ്യത്തില്‍ ചവറയില്‍ ട്രിപ്പിള്‍ ഐ സി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍) എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ചവറയിലെ ഈ സ്ഥാപനം കണ്ടില്ലെന്ന് നടക്കാനാവില്ല. അത്രയ്ക്ക് ആകര്‍ഷകമാണ് അതിന്റെ പുറം രൂപഭംഗി.
മൂന്നു തരത്തിലുള്ള കോഴ്‌സുകളാണ് ഇവിടെയുള്ളത്. സാങ്കേതിക സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ (പെയിന്റിംഗ്, ഹൗസ്‌കീപ്പിംഗ്, ബാര്‍ ബെന്‍ഡിംഗ്), സൂപ്പര്‍വൈസറി കോഴ്‌സുകള്‍ (പ്ലംബ്ബിംഗ്), പോസ്റ്റ്ഗ്രാജ്യുവേറ്റ് മാനേജീരിയല്‍ കോഴ്‌സുകള്‍ (നഗരാസൂത്രണം, നിര്‍മ്മാണ മാനേജ്‌മെന്റ്) എന്നിവയാണ് അവ. തുടക്കത്തില്‍ മേല്‍പ്പറഞ്ഞ ഏഴ് കോഴ്‌സുകള്‍, 200 കുട്ടികള്‍. ഒരു വര്‍ഷത്തിനുള്ളില്‍ 21 കോഴ്‌സുകള്‍ ആരംഭിക്കുവാനാണ് പരിപാടി. 1000 കുട്ടികളും ഉണ്ടാകും.
കെയ്‌സിന്റെ ഈ സ്ഥാപനവും അതിലെ കോഴ്‌സുകളും നടത്തുന്നതിന് ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ സംഘം ഇന്ന് കേവലം കോണ്‍ട്രാക്ട് പണി ഏറ്റെടുക്കുന്ന ഒരു സ്ഥാപനം മാത്രമല്ല. മലബാറിലെ ഏറ്റവും വലിയ സൈബര്‍ പാര്‍ക്ക് ഇവരാണ് നടത്തുന്നത്. ടൂറിസം മേഖലയിലെ അവരുടെ സംഭാവനയാണ് സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് ഒരു പ്രത്യേക വിഭാഗം ഊരാളുങ്കല്‍ സംഘത്തിനുണ്ട്. അവരാണ് ട്രിപ്പിള്‍ ഐ സിക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ ഏറ്റവും കാര്യക്ഷമമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘമെന്ന നിലയില്‍ സ്‌കില്‍ പരിശീലനത്തിന് വരുന്ന കുട്ടികള്‍ക്ക് മറ്റെങ്ങും ലഭ്യമല്ലാത്ത പ്രായോഗികമായ പരിജ്ഞാനം ഉറപ്പുവരുത്തുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss