|    Nov 18 Sun, 2018 3:49 am
FLASH NEWS
Home   >  Kerala   >  

ബിജെപി ശബരിമല ബലിദാനിയാക്കിയ ശിവദാസന്‍ നേരത്തേ ആര്‍എസ്എസിനെതിരേ പരാതി നല്‍കിയിരുന്നയാള്‍

Published : 2nd November 2018 | Posted By: mtp rafeek

ശിവദാസന്‍ നല്‍കിയ പരാതിയുടെ കോപ്പി

പത്തനംതിട്ട: പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍ ആചാരി ബിജെപി, ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരേയും നേരത്തേ പരാതി നല്‍കിയിരുന്ന ആള്‍.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വഴി തടസ്സം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് പന്തളം പൊലിസ് സ്റ്റേഷനില്‍ ശിവദാസന്‍ നല്‍കിയ പരാതിയാണ് (729/2018)ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയല്‍ വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.

വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്. ശിവദാസന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷികള്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകര്‍ ആണ്.

പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന് ബിജെപി, ആര്‍എസ്എസ് നേതൃത്വം അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പോലിസും സ്ഥിരീകരിക്കുന്നുണ്ട്.

എന്നാല്‍, പരാതിയില്‍ കേസ് എടുക്കാതെ എതിര്‍കക്ഷികളെ വിളിച്ചുവരുത്തി താക്കീത് നല്‍കി പറഞ്ഞുവിടുകയായിരുന്നു. തൊട്ടടുത്ത വാര്‍ഡിലെ ബിജെപി മെമ്പറാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായി കേസ് ഒതുക്കിയത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്ന് കൊക്കയില്‍ തള്ളുമെന്ന് ആര്‍എസ്എസ് നേതാവ് ശിവദാസനെ ഭീഷണിപ്പെടുത്തിയിരുന്നതായും സമീപവാസികള്‍ പറയുന്നു.

ശിവദാസന്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്:

‘ഞാന്‍ എതിര്‍കക്ഷികളുടെ എല്ലാം വീടിനടുത്തായി 14 വര്‍ഷം മുന്‍പ് സ്ഥലം വാങ്ങി വീടുവെച്ചതാണ്. എന്റെ വീട്ടിലോട്ട് പോകാനായി പ്രമാണത്തില്‍ വഴി ഇല്ല. 3 ചുവട്ടടി വഴി ഞങ്ങള്‍ കുറേ വീട്ടുകാര്‍ക്കായി ഉണ്ട്. ഈ വഴിയിലൂടെ എല്ലാവര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. എന്റെ ടൂവീലര്‍ ഈ വഴിലൂടെ കൊണ്ടുപോകുന്നതിന് എതിര്‍കക്ഷികള്‍ എല്ലാവരും തടസം നില്‍ക്കുന്നു.

എനിക്കും എതിര്‍കക്ഷികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന വഴി തടസ്സപ്പെടുത്തുന്നത് ശരിയല്ല. ഞാന്‍ ഈ വഴിയിലൂടെ പോകുന്നതിന് ഇവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുകയും എന്റെ വാഹനം കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

സമക്ഷത്ത് നിന്ന് എതിര്‍കക്ഷികള്‍ എന്നെ ഉപദ്രവിക്കുകയോ വഴിതടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു’

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലിസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലാണ് സംഘപരിവാരം പ്രചരിപ്പിച്ചിരുന്നത്.

വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും സംസ്ഥാന നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും പോലീസ് അഴിച്ചുവിട്ട നരനായാട്ടിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അയ്യപ്പൻ ശിവദാസന്റെ…

Posted by Sreedharan Pillai PS on Thursday, November 1, 2018

ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ശിവദാസിന്റെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.

ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധർമ്മം…

Posted by K Surendran on Thursday, November 1, 2018

കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബിജെപി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തൻ്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത നിലക്കലില്‍ പൊലീസ്…

Posted by Kerala Police on Thursday, November 1, 2018

നിലയ്ക്കലില്‍ പോലിസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും കേരള പോലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss