|    Nov 21 Wed, 2018 1:02 am
FLASH NEWS
Home   >  Dont Miss   >  

സിദ്ദീഖിനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണമെന്ന് സഹോദരി; ആര്‍എസ്എസ്സിനെ തൊടാന്‍ ഭയന്ന് പോലിസ്

Published : 10th August 2018 | Posted By: afsal ph

കോഴിക്കോട്: ഉപ്പളയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകനായ സിദ്ധീഖിന്റെ സഹോദരി ഷാഹിന ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായി. ‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല’. സിദ്ദീഖിന്റെ മരണത്തെത്തുടര്‍ന്ന് വീട്ടിലെത്തുന്നവര്‍ക്കുമുന്നിലാണ് സഹോദരനെ കൊന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പതിനെട്ടുകാരിയായ ഷാഹിന പറയുന്നത്. ജീവന് തുല്യം സ്‌നേഹിച്ച സഹോദരന്റെ വേര്‍പാടില്‍ കഴിയുകയാണ് സിദ്ദീഖിന്റെ സഹോദരിയും ഉമ്മയും. ഇടക്ക് മനസ് മരവിച്ച് മുറിയിലെ കട്ടിലില്‍ ഉമ്മക്കരികില്‍ ഇരിക്കും. സിദ്ദിഖിന്റെ കാര്യങ്ങള്‍ പറഞ്ഞ് മുറിയില്‍ നടക്കും. സിദ്ദിഖിന്റെ സുഹൃത്തുക്കളെ കാണുമ്പോള്‍ പുറത്തേക്ക് ഓടും. സിദ്ദീഖിന്റെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് സഹോദരിയുടെ ആവശ്യം. എന്നാല്‍ ആര്‍എസ്എസ്സുകാരായ കൊലയാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഭയക്കുകയാണ് പോലിസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സിദ്ദിഖിനെ നാലംഗസംഘം വെട്ടിക്കൊന്നത്. കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിത്തിനെ ഒന്നാംപ്രതിയാക്കി പൊലിസ് കേസെടുത്തിരുന്നു. കൊലപാതകം നടന്ന അഞ്ച് ദിവസം പിന്നിട്ടിട്ടും അശ്വിന്‍, കാര്‍ത്തിക് എന്നീ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമാണ് പോലിസിന് പിടികൂടാനായത്.


സിപിഎമ്മിന്റെ ഭാഗത്ത് നിന്നും തണുത്ത സമീപനമാണെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അഭിമന്യു കൊല ചെയ്യപ്പെട്ടപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പോലിസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായതോടെ നിശ്ക്രിയമായെന്ന് ആരോപണമുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കെതിരേ മാത്രം കേസെടുത്ത് സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെ അടക്കം കസ്റ്റഡിയിലെടുത്ത് ഭീകരാന്തരീക്ഷ സൃഷ്ടിച്ച പോലിസ് സിദ്ദീഖ് വധത്തില്‍ ആര്‍എസ്എസ്സിന്റെ പ്രാദേശിക നേതാക്കളെ പോലും തൊടാന്‍ ധൈര്യം കാട്ടുന്നില്ല. ആസൂത്രിതമായ കൊലപാതകമായിട്ടും ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നില്ലെന്ന് ആരോപണമുണ്ട്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോള്‍ ശക്തമായ സമരങ്ങളുമായി തെരുവിലിറങ്ങിയ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരും സിദ്ദീഖ് വധം അറിഞ്ഞ ഭാവമില്ല. ആര്‍എസ്എസ്സിനെതിരേ സിപിഎം തുടരുന്ന മൃദുസമീപനമാണ് സംഘ്പരിവാറിന് ശക്തിപകരുതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാന്‍ പോലിസ് തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം ബിജെപി-ആര്‍എസ്എസ് സംഘം കൊലപ്പെടുത്തുന്ന 17 ാമത്തെ
പ്രവര്‍ത്തകനാണ് സിദ്ദീഖെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍എസ്എസ് തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തിയിട്ടും ശക്തമായ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ല. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ കൊലപാതകങ്ങളിലും ആര്‍എസ്എസ്സിന്റെ ഉന്നതതല ഗൂഢാലോചന പോലിസ് അന്വേഷിച്ചിട്ടില്ല. പള്ളിയില്‍ കയറി മൗലവിയെ വെട്ടി കൊന്ന് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടന്നിട്ടും റിയാസ് മൗലവി വധക്കേസില്‍ പോലിസ് തണുത്ത സമീപനമാണ് സ്വീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss